ആലപ്പുഴ: കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് താജുല്‍ ഉലമയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചയാളാണ് താന്‍. മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരുകയാണ്. ഒരിക്കല്‍ ആ ലക്ഷ്യം താന്‍ നേടും,’- എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമാകുന്നതിനിടെ വിവിധ പദവികളില്‍ നിന്നും രമേശ് ചെന്നിത്തല രാജി വെച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയ്ഹിന്ദ് ടി.വി ചെയര്‍മാന്‍ സ്ഥാനം, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം, കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനം എന്നിവയാണ് അദ്ദേഹം ഒഴിഞ്ഞത്. ഏറെകാലമായി രമേശ് ചെന്നിത്തല തുടരുന്ന സ്ഥാനങ്ങളായിരുന്നു ഇത്. കെ.പി.സി.സി പ്രസിഡന്റായ സമയത്ത് രമേശ് ചെന്നിത്തല ഏറ്റെടുത്ത സ്ഥാനങ്ങളാണ് ഇപ്പോള്‍ ഒഴിയുന്നത്. കെ.പി.സി.സി അധ്യക്ഷനാണ് ഈ സ്ഥാനം വഹിക്കേണ്ടതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. മുല്ലപ്പള്ളി ഏറ്റെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു താന്‍ സ്ഥാനത്ത് തുടര്‍ന്നതെന്നും ചെന്നിത്തല പറഞ്ഞു.

വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി പ്രസിഡന്റായ സമയത്തും ചെന്നിത്തല ഈ സ്ഥാനങ്ങളില്‍ തുടരുകയായിരുന്നു. അവര്‍ക്ക് രണ്ടു പേര്‍ക്കും ഈ സ്ഥനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്നാണ് ഇതു സംബന്ധിച്ച് ചെന്നിത്തല വിശദീകരിക്കുന്നത്. അതേസമയം, ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സൂചനകളുണ്ട്.

കഴിഞ്ഞ മാസം 24-ാം തിയതിയാണ് ചെന്നിത്തല ഈ പദവികളില്‍ നിന്നെല്ലാം രാജിവെച്ചത്. അതേസമയം വിവിധ സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കും രാജി സംബന്ധിച്ച തീരുമാനം എടുക്കുകയെന്നാണ് അറിയുന്നത്. ജയ്ഹിന്ദടക്കം കെ.പി.സി.സിക്ക് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും ഓഡിറ്റിന് നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക