“വയലിൽ തിരുമേനിയുടെ സ്നേഹ വാക്കുകൾ കേട്ട് കെ.എം.മാണി മാറിക്കൊടുത്തില്ലായിരുന്നെങ്കിൽ അന്ന്സി. എച്ച്. മുഖ്യമന്ത്രി ആവുകയില്ലായിരുന്നു” എന്ന ഡോക്ടർ ബാബു സെബാസ്റ്റ്യൻറെ വെളിപ്പെടുത്തൽ ഇപ്പോൾ രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയാവുകയാണ് . സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തിലാണ് എം ജി സർവകലാശാല മുൻ വൈസ് ചാൻസലറും കേരള കോൺഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളുമായ ഇദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ. എന്നാൽ ഇപ്പോൾ നടത്തിയ ഈ പ്രസ്താവനയ്ക്ക് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഉള്ള ഒളിയമ്പായി ആണ് ഒരു വിഭാഗം ഈ പ്രസ്താവനയെ വിലയിരുത്തുന്നത്.

ലൗ ജിഹാദ് നാർകോട്ടിക് ജിഹാദ് പ്രസംഗത്തിന് പേരിൽ പാലാ ബിഷപ്പിനെതിരെ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, ഇപ്പോൾ അദ്ദേഹത്തിൻറെ മുൻഗാമിയെ പറ്റി ഇത്തരമൊരു പ്രസ്താവന നടത്തുന്നത് അദ്ദേഹത്തെ ചെറുതാക്കി കാണിക്കാൻ ആണോ എന്ന് സംശയമാണ് പല കേന്ദ്രങ്ങളും ഉന്നയിക്കുന്നത്. ഈ പറഞ്ഞ സംഭവങ്ങളുടെ ആധികാരികതയെ കുറിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്. പാലായിലെ രാഷ്ട്രീയ കഥകളിൽ ഇതുവരെ പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു കഥയാണ് ഇത്. മാത്രവുമല്ല 1979 കാലഘട്ടം ഡോക്ടർ ബാബു സെബാസ്റ്റ്യന് കെ എം മാണിയുമായി വലിയ ആത്മബന്ധമുള്ള കാലഘട്ടം ഒന്നുമല്ല എന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിശ്വസനീയമല്ലാത്ത അവകാശവാദം:

യാഥാർത്ഥ്യങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോൾ ചർച്ചയാകുന്ന പ്രസ്താവന എന്ന് രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഐക്യമുന്നണി സർക്കാർ പ്രതിനിധിയായാണ് സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായത്. ആ കാലഘട്ടത്തിൽ കെ കരുണാകരനും ആയി അത്ര ശീതളമായ ഒരു ബന്ധമായിരുന്നില്ല കെ എം മാണിക്ക് ഉണ്ടായിരുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോൾ, സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി ആയ സമയത്ത് അദ്ദേഹത്തിനു പകരം കെ എം മാണിക്ക് സാധ്യതയുണ്ടായിരുന്നു എന്ന് പറയുന്നത് തീർത്തും വിശ്വാസയോഗ്യമല്ല.

നിയമസഭയിൽ അന്ന് 20 സീറ്റുകൾ ആണ് കേരള കോൺഗ്രസിന് ഉണ്ടായിരുന്നത്. എന്നാൽ പി ജെ ജോസഫ് കെ എം മാണി തർക്കങ്ങൾ പാർട്ടിക്കുള്ളിൽ മൂർദ്ധന്യതയിൽ ആയിരുന്നു. അതുകൊണ്ടുതന്നെ പകുതിയോളം ആളുകളുടെ പിന്തുണയും പി ജെ ജോസഫിന് ഉണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ അനൈക്യത്തിന് പുറമേ വയലിൽ പിതാവ് ഒരിക്കലും ഇത്തരത്തിൽ ഒരു രാഷ്ട്രീയ ഇടപെടൽ നടത്തും എന്നോ, പിതാവ് പറയുന്നതനുസരിച്ച് ആർക്കെങ്കിലും വേണ്ടി മുഖ്യമന്ത്രിപദം ത്യജിക്കാൻ കെഎംമാണി തയ്യാറാകുമെന്നോ ആരും കരുതുന്നുമില്ല.

പാളിപ്പോയ നീക്കം:

സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി പദം രാജി വെച്ചതിനു പിന്നാലെ മാർക്സിസ്റ്റ് പിന്തുണയോടുകൂടി മുഖ്യമന്ത്രി ആകുവാൻ കെ എം മാണി ശ്രമിച്ചിരുന്നു. എന്നാൽ ഈ നീക്കം മുൻകൂട്ടി അറിഞ്ഞ കെ കരുണാകരൻ അന്ന് ഗവർണറായിരുന്ന ജ്യോതി വെങ്കിടാചലത്തെ കൊണ്ട് മാണി സർക്കാർ ഉണ്ടാക്കുവാൻ അവകാശവാദം ഉന്നയിക്കുന്നതിനു മുന്നേതന്നെ നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശ നൽകിച്ചു. തുടർന്ന് 1980 ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നേ മാണി-ജോസഫ് ഭാഗങ്ങൾ പിളരുകയും കെഎം മാണി ഇടതു മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.

ഇപ്പോഴത്തെ വിവാദങ്ങളിൽ പാലാ പിതാവിനെ പൂർണ്ണമായും നിരാകരിക്കുന്ന നിലപാടാണ് ഇടതുമുന്നണി കൈകൊണ്ടിരിക്കുന്നത്. ജോസ് കെ മാണിയും, കേരള കോൺഗ്രസും പിതാവിന് പിന്തുണ പ്രഖ്യാപിച്ചു എങ്കിലും ഇടതുമുന്നണി യോഗത്തിൽ പോലും ഈ വിഷയം അവർ ഉയർത്തിയില്ല. വിവാദമുണ്ടായി മൂന്നാം ദിവസമാണ് ജോസ് കെ മാണി വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ കൂട്ടാക്കിയത്. അതുകൊണ്ടുതന്നെ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഈ പ്രസ്താവനയ്ക്ക് ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക