തിരുവനന്തപുരം: തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന മന്ത്രി സജി ചെറിയാന്റ അഭിപ്രായ പ്രകടനത്തില്‍ പ്രതികരണവുമായി ചലച്ചിത്ര സംവിധായകന്‍ വിനയന്‍. ഇപ്പോഴെങ്കിലും ഇങ്ങനെയൊരു തീരുമാനത്തിലേക്കു വന്നതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. കുറച്ചു കൂടി നേരത്തെ തുറന്നിരുന്നു എങ്കിലും അതുകൊണ്ട് ഈ നാട്ടില്‍ കൊവിഡ് രോഗികളൊന്നും കൂടില്ലായിരുന്നു. അടുത്തടുത്തിരുന്ന് എ.സി ബസില്‍ നാലും അഞ്ചും മണിക്കൂര്‍ യാത്ര ചെയ്യുന്നതു പോലെയോ ബിവറേജസിന്റെ മുന്നില്‍ തിക്കിത്തിരക്കി നില്‍ക്കുന്ന ആള്‍ക്കൂട്ടം പോലെയോ അല്ല ഒന്നിടവിട്ട സീറ്റുകളില്‍ പരസ്പരം നോക്കുകയോ അടുത്തിരിക്കുകയോ ചെയ്യാതെ സിനിമ കാണുന്ന തീയറ്ററിലെ പ്രേക്ഷകരെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വളരെ ഹൈജീനിക്കായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സിനിമാ തീയറ്റര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ തെളിയിച്ചവരാണ് ഇവിടുത്തെ തീയറ്ററുകാര്‍. ഇതൊന്നും അറിയാത്തവരല്ല വിദഗ്‍​ദ്ധരുടെ ഉപദേശക കമ്മിറ്റികളും. പക്ഷേ അവര്‍ ഈ വല്യ വ്യവസായ മേഖലയെയും പതിനായിരക്കണക്കിനു തൊഴിലാളികളെ അന്നമൂട്ടുന്ന ഈ എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രിയെയും വേണ്ട ഗൗരവത്തോടെ കണ്ടോ എന്ന് സംശയം ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

50% സീറ്റിംഗ് കപ്പാസിറ്റിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോൾ 100% എന്റെടൈന്‍മെന്റ് ടാക്സും ഒരു വര്‍ഷത്തേക്കെങ്കിലും സര്‍ക്കാര്‍ ഇളവു ചെയ്തു കൊടുക്കണം. എങ്കിലേ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമില്ലാതെ പോകാന്‍ പറ്റു. തീയറ്ററുകളുടെ കറണ്ട് ചാര്‍ജിലും ഇളവു നല്‍കണം. കഴിയുന്നത്ര ഇളവുകള്‍ നല്‍കി ഈ ഇന്‍ഡസ്ട്രിയെ തിരിച്ചു പിടിക്കാനുള്ള ശ്രമം ഈ സര്‍ക്കാരും സിനിമാ മന്ത്രിയും ചെയ്യേണ്ടതാണ്. ജനങ്ങളുടെ മാനസികോല്ലാസത്തിനും സാംസ്കാരിക മേഖലയുടെ നിലനില്‍പിനും അതാവശ്യമാണ്. ഗവണ്‍മെന്റിന് ഒരു ചെലവുമില്ലാതെ എത്രയോ ശതകോടികള്‍ നികുതി ഇനത്തില്‍ നേടിത്തന്ന ഒരു വ്യവസായത്തെ ആ മുന്‍ഗണനയില്‍ തന്നെ ഇടതുപക്ഷസര്‍ക്കാര്‍ കാണും എന്ന് താന്‍ വിശ്വസിക്കുന്നതായും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക