പാലാ ബിഷപ്പ് ഉന്നയിച്ച നർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളെക്കുറിച്ച് അന്വേഷണത്തിന് തയ്യാറാകാതെ സംസ്ഥാനസർക്കാർ. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ ബിഷപ്പിനെതിരെ കേസെടുക്കില്ല എന്ന് മാത്രമാണ് അദ്ദേഹം വ്യക്തമാക്കിയത്. ബിഷപ്പിനെതിരെ കേസെടുക്കാൻ ഇല്ല എന്ന് സംസ്ഥാന സർക്കാർ പറയുന്നത് ജോസ് കെ മാണിയുടെ ഇടപെടൽമൂലം ഉണ്ടായ ഒരു ഔദാര്യം എന്ന നിലയിൽ കേരള കോൺഗ്രസ് കേന്ദ്രങ്ങളും പ്രചരണം ആരംഭിച്ചു.

എന്നാൽ പള്ളിക്കുള്ളിൽ നടന്ന മതപരമായ ചടങ്ങിൽ വെച്ച് വിശ്വാസികളോട് നടത്തിയ പ്രഭാഷണത്തിൽ ചില സാമൂഹ്യ തിന്മകളെ കുറിച്ച് ചൂണ്ടിക്കാട്ടിയ ബിഷപ്പിനെതിരെ കേസെടുക്കുവാൻ ഉള്ള യാതൊരു അധികാരവും സർക്കാരിന് ഇല്ല എന്നതാണ് വാസ്തവം. എന്നിട്ടും ഇത്തരമൊരു നിലപാട് മുഖ്യമന്ത്രി തന്നെ പത്രക്കാരോട് പറഞ്ഞത് സഭയ്ക്കുള്ള കൃത്യമായ ഒരു മുന്നറിയിപ്പായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈ വിഷയം വീണ്ടും ഉയർത്തിയാൽ ഒരു പക്ഷേ ഗൗരവതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കേണ്ടി വന്നേക്കാം എന്ന ധ്വനിയും ഈ വാക്കുകളിൽ ഉണ്ട് എന്ന് വിലയിരുത്തപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളോട് ആദ്യദിനത്തിൽ ഉള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇത്തരത്തിൽ ഒരു വാക്കുപോലും താൻ കേട്ടിട്ടില്ല എന്നായിരുന്നു. കാനം രാജേന്ദ്രൻ രൂപതാധ്യക്ഷനെയും, ആർഎസ്എസിനെയും തമ്മിലാണ് താരതമ്യപ്പെടുത്തിയത്. ജോസ് കെ മാണി ഈ വിഷയത്തിൽ ആദ്യദിനങ്ങളിൽ ഒന്നും പ്രതികരണത്തിന് പോലും തയ്യാറായില്ല. തുടർന്ന് ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദീപിക പേരെടുത്ത് വിമർശിച്ചപ്പോൾ ആണ് അദ്ദേഹം ഒരു പ്രസ്താവന പുറത്തിറക്കിയത്. അതും മാണി സി കാപ്പൻ, മോൻസ് ജോസഫ് എന്നീ രാഷ്ട്രീയ എതിരാളികൾ അരമനയിൽ നേരിട്ടെത്തി സഭയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തതിനു ശേഷമാണ് ഒരു പ്രതികരണം അദ്ദേഹത്തിൽ നിന്നുണ്ടായത്. ഇതെല്ലാം ചൂണ്ടിക്കാട്ടി പാർട്ടിക്കുള്ളിൽ തന്നെ അദ്ദേഹത്തിന് വലിയ എതിർപ്പും നേരിടേണ്ടി വന്നു എന്നും വാർത്തകളുണ്ടായിരുന്നു.

വീണത് വിദ്യയാക്കാൻ കേരള കോൺഗ്രസ്:

പാലാ രൂപതാധ്യക്ഷനെതിരെ കേസെടുക്കില്ല എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാടു മൂലമാണ് എന്ന് പ്രചരണമാണ് ഇപ്പോൾ കേരള കോൺഗ്രസ് കേന്ദ്രങ്ങൾ ഉയർത്തുന്നത്. തങ്ങളുടെ സാമൂഹ്യ മാധ്യമ സംവിധാനങ്ങൾ അവർ ഇതിനുവേണ്ടി പരമാവധി ഉപയോഗിക്കുന്നുണ്ട്. പ്രസ്താവനയിറക്കിയത് അല്ലാതെ വിഷയത്തിൽ നേരിട്ട് ഒരു പ്രതികരണത്തിന് ഇതുവരെയും ജോസ് കെ മാണി തയ്യാറായിട്ടില്ല. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിലും ഈ വിഷയം അല്ല ചർച്ച ചെയ്തത്. സിപിഐ കൈക്കൊള്ളുന്ന രാഷ്ട്രീയ നിലപാടുകളോടുള്ള എതിർപ്പും, അവർ തങ്ങളെ നിരന്തരം അവഹേളിക്കുന്നതിലുള്ള പ്രതിഷേധവും ഒക്കെയാണ് പാർട്ടി യോഗം ചർച്ച ചെയ്തത്. സിപിഐയ്ക്കെതിരേ ഇടതുമുന്നണിക്ക് പരാതി നൽകുവാനും പാർട്ടി തീരുമാനം ഉണ്ടായി എന്നാണ് പുറത്തു വന്ന വിവരം. അത്തരത്തിൽ സഭ ഉന്നയിച്ച വിഷയത്തിൽ നിന്ന് കൃത്യമായ അകലം പാലിച്ചാണ് കേരള കോൺഗ്രസ് രാഷ്ട്രീയ നിലപാട് കൈക്കൊള്ളുന്നത് എന്നു വേണം വിലയിരുത്താൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക