കോഴിക്കോട്: കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് സി പി എമ്മില്‍ ചേര്‍ന്ന കെ പി അനില്‍കുമാറിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വമ്ബന്‍ സ്വീകരണം ഒരുക്കി സി പി എം പ്രവര്‍ത്തകര്‍.സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ പി മോഹനന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കെ പി മോഹനനെ കൂടാതെ ജില്ലയിലെ പ്രമുഖ സി പി എം നേതാക്കളും അനില്‍കുമാറിനെ സ്വീകരിക്കുന്നതിന് റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി.ഇന്ന് രാവിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ചും അനില്‍കുമാറിന് സി പി എം സ്വീകരണം നല്‍കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധമായാണ് അനില്‍കുമാറിന്റെ പാര്‍ട്ടി പ്രവേശനത്തെ സി പി എം കാണുന്നത്. അതിനാല്‍ തന്നെ ഏതു വിധേനയും ഇത് പരമാവധി ആളുകളില്‍ എത്തിക്കുവാനാണ് പാര്‍ട്ടി അണികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് അറിയാന്‍ സാധിക്കുന്നത്.കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഇതിനോടകം അനില്‍കുമാര്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു. ഇന്ന് നടക്കുന്ന പത്രസമ്മേളനത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും കോണ്‍ഗ്രസിനെതിരെയുള്ള ആക്രമണം അനില്‍കുമാറിനെ ഉപയോഗിച്ച്‌ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക