ബുഡാപെസ്റ്റ്: സ്വന്തം വിശ്വാസത്തിനോടൊപ്പം എല്ലാ മതങ്ങളേയും ചേര്‍ത്തു പിടിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ.

കര്‍ശനമായ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ജാതി, മതവിഭാഗങ്ങളില്‍പെട്ടവര്‍ ഹംഗറിയുടെ വളര്‍ച്ചയ്ക്ക് നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും അത് മറക്കരുതെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സത്യസന്ധമായ ആരാധനയില്‍ ദൈവാരാധനയും അയല്‍ക്കാരനോടുള്ള സ്‌നേഹവും അടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓര്‍ബന്റെ സാന്നിദ്ധ്യത്തില്‍ മാര്‍പാപ്പ നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള പരോക്ഷ വിമര്‍ശനമായാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. മാര്‍പാപ്പയുടെ പ്രസംഗം കേള്‍ക്കാന്‍ ബുഡാപെസ്റ്റിലെ ഹീറോസ് സ്ക്വയറില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് തടിച്ചു കൂടിയത്. ബുഡാപെസ്റ്റിലെ ഫൈന്‍ ആര്‍ട്സ് മ്യുസിയത്തില്‍ വച്ച്‌ ഹംഗറിയിലെ മെത്രാന്മാരുമായും എക്യൂമെനിക്കല്‍ സഭാസമിതികളും ഹംഗറിയിലെ ജൂതമത സമൂഹങ്ങളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. യൂറോപ്പിലുള്‍പ്പെടെ നിലനില്‍ക്കുന്ന ജൂതവിരുദ്ധ മനോഭാവം നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ സമയം ഹംഗറിയില്‍ ക്രിസ്ത്യന്‍ മതത്തെ നശിക്കാന്‍ വിട്ടുകൊടുക്കരുതെന്ന് പോപ്പിനോട് അഭ്യര്‍ഥിച്ചതായി വിക്ടര്‍ ഓര്‍ബന്‍ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ അപ്പസ്‌തോലിക യാത്രയുടെ ഭാഗമായി ബുഡാപെസ്റ്റിലെത്തിയ മാര്‍പാപ്പ പിന്നീട് സ്ലൊവാക്ക്യയിലേക്ക് പുറപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക