തിരുവനന്തപുരം: പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പനുള്ള ജനകീയത എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിക്ക് ഇല്ലായിരുന്നുവെന്നു സിപിഐ. പാലായിലെ തോൽവിയുടെ ഒരു കാരണം ഈ താരതമ്യം ആണെന്നു സംസ്ഥാന കൗൺസിൽ അംഗീകരിച്ച നിയമസഭാ തിര‍ഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സിപിഐ കുറ്റപ്പെടുത്തി. പാലായിൽ ജോസ് കെ.മാണിയും കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജും തോറ്റതു വ്യക്തിപരമായ കാരണങ്ങൾ മൂലമാണെന്നാണ് സിപിഐയുടെ നിഗമനം. റിപ്പോർട്ടിൽ കേരള കോൺഗ്രസ് എമ്മിനെ പരാമർശിക്കുന്ന ഒട്ടുമിക്ക ഭാഗങ്ങളിലും സിപിഐക്ക് അവരോടുള്ള അയിത്തം പ്രകടമാണ്. കോട്ടയത്ത് എൽഡിഎഫ് 5 സീറ്റുകൾ നേടിയതിൽ മാത്രം അവരുടെ സംഭാവന പാർട്ടി അംഗീകരിക്കുന്നു.

യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോൺഗ്രസ് എമ്മിനെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തെ ഒരു വിഭാഗം തയാറായില്ലെന്നാണ് സിപിഐയുടെ കണ്ടെത്തൽ. കേരള കോൺഗ്രസ് (എം) പ്രവർത്തകരിലും നിസ്സംഗത ഉണ്ടായി. മാണി വിഭാഗം ജയിച്ച കാഞ്ഞിരപ്പള്ളിയിൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളെല്ലാം നിയന്ത്രിച്ചതു സിപിഎമ്മും സിപിഐയും ആണെന്നാണ് പാർട്ടിയുടെ അവകാശ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിറവം സീറ്റ് കേരള കോൺഗ്രസിനു നൽകിയതിലെ പ്രതിഷേധം മണ്ഡലത്തിൽ പ്രകടമായിരുന്നുവെന്നും സിപിഐ അഭിപ്രായപ്പെട്ടു. അവർക്ക് സീറ്റു നൽകിയ പെരുമ്പാവൂരിലും സമാനമായ പ്രതിഷേധം ഉണ്ടായി. രണ്ടിടത്തെയും തോൽവിക്ക് ഇതു കാരണമാണ്. ചാലക്കുടിയിൽ കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റിനെ എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (എം) നിശ്ചയിച്ചത് എൽഡിഎഫ് പ്രവർത്തകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും മാണി ഗ്രൂപ്പിനെതിരെ സിപിഐ കൂരമ്പെയ്തു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാലിനെതിരെ സിപിഎമ്മിൽനിന്നു തന്നെ പാര ഉണ്ടായെന്നും സിപിഐ കണ്ടെത്തി. കൊട്ടാരക്കര സീറ്റ് ആഗ്രഹിച്ച സിപിഎമ്മിലെ ചിലർ നിരാശരായതോടെ പ്രവർത്തനത്തിൽ ‘ചവിട്ടിപ്പിടിത്തം’ നടത്തി. ബാലഗോപാലിന്റെ ഭൂരിപക്ഷം, മണ്ഡലത്തിൽ 2016 ൽ കിട്ടിയതിനെ അപേക്ഷിച്ച് 32,000 വോട്ട് കുറഞ്ഞതിന് ഒരു കാരണമായി സിപിഐ കണ്ടെത്തുന്നത് ഈ നീക്കമാണ് .

കുണ്ടറയിൽ സിപിഎം സ്ഥാനാർഥിയെക്കാൾ വളരെ മെച്ചം കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്നു എന്നു തുറന്നടിക്കാനും സിപിഐ മുതിർന്നു. സിപിഐയുടെ പ്രചാരണ പരിപാടികളിൽ വീഴ്ച സംഭവിച്ചെന്ന സ്വയം വിമർശനവും റിപ്പോർട്ടിലുണ്ട്. ജനറൽ സെക്രട്ടറി ഡി.രാജ പങ്കെടുത്ത പരിപാടികളിൽ വരെ ജാഗ്രതക്കുറവ് സംഭവിച്ചു. സിപിഐ ഉന്നമിട്ട കുന്നത്തൂർ സീറ്റിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോനെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്: ഒരു സംഘടനാ സംവിധാനവും ഇല്ലാത്ത ദുർബലമായ പാർട്ടിയുടെ പ്രതിനിധി.

മുകേഷ് ജനകീയനല്ല; മേഴ്സിക്കുട്ടിയമ്മയെ വീഴ്ത്തിയത് വിഷ്ണുനാഥിന്റെ വിനയശീലം.

സിപിഎം സ്ഥാനാർഥികൾക്കെതിരെയും റിപ്പോർട്ടിൽ വിമർശനം. സിനിമാ ലോകത്തെ ഗ്ലാമർ പരിവേഷം മാറ്റിവച്ചു സാധാരണ ജനങ്ങളുമായി ഇഴുകിച്ചേരാനോ ജനകീയ എംഎൽഎ ആയി മാറാനോ കൊല്ലത്തെ സ്ഥാനാർഥി മുകേഷിനു സാധിച്ചില്ല. സിപിഎമ്മിൽ പോലും മുകേഷിന്റെ സ്ഥാനാർഥിത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. എൽഡിഎഫിന്റെ ജെ.മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവ രീതിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ തന്നെ രഹസ്യമായി മുറുമുറുപ്പുണ്ടായി. അതേസമയം, യുഡിഎഫിന്റെ പി.സി. വിഷ്ണുനാഥ് വിനയശീലനായിരുന്നു– സിപിഐ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക