കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറിയതോടെ സംസ്‌ഥാനത്ത്‌ ഇന്നു മഴ കനക്കുമെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രവും കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രവും (കുസാറ്റ്‌) മുന്നറിയിപ്പു നല്‍കി.ഇന്നു കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്‌,വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു. മഴ നാളെയോടെ ദുര്‍ബലമാകുമെന്നാണ്‌ കുസാറ്റിലെ ഗവേഷകരുടെ നിഗമനം. 
ഈ മാസം 23, 24 തീയതികള്‍ക്കടുത്തു ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നു കാലാവസ്‌ഥ നിരീക്ഷകര്‍ വ്യക്‌തമാക്കി. ഈ ന്യൂനമര്‍ദം ശക്‌തിയാര്‍ജിച്ചാല്‍ സംസ്‌ഥാനത്തു രണ്ടോ മൂന്നോ ദിവസം മികച്ച മഴയ്‌ക്കുള്ള സാധ്യതയുണ്ട്‌. ഈ മാസം 30 നു മണ്‍സൂണ്‍ സീസണ്‍ അവസാനിക്കാനിരിക്കെ ഇതുവരെ സംസ്‌ഥാനത്തു ലഭിച്ച മഴയില്‍ 18 ശതമാനത്തിന്റെ കുറവാണുള്ളത്‌. കണ്ണൂര്‍, കോഴിക്കോട്‌,മലപ്പുറം, പാലക്കാട്‌ , തിരുവനന്തപുരം, തൃശൂര്‍, വയനാട്‌ ജില്ലകളിലാണ്‌ മഴക്കുറവ്‌. മറ്റിടങ്ങളില്‍ സാധാരണ മഴ ലഭിച്ചിട്ടുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക