ഡല്‍ഹി: കൊവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 23നകം ഹാജരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. കൊവിഡ് രോഗബാധിതനായിരിക്കെ അപകടം മൂലമോ വിഷം കഴിച്ചോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ മരണം സംഭവിക്കുന്നവര്‍ക്കും കൊവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും, കൊവിഡ് രോഗികള്‍ക്ക് നല്‍കി വരുന്ന എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കൊവിഡ് ബാധിതനായിരിക്കെ ആത്മഹത്യ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കാനാവില്ല എന്ന കേന്ദ്രനയം അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യം പരിഗണിക്കണമെന്നും ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് പ്രസ്താവിച്ചു.
ഇക്കാര്യം പരിഗണിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ഞായറാഴ്ചയാണ് ഐ.സി.എം.ആര്‍ കൊവിഡ് മരണവുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊവിഡ് മരണവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം നല്‍കാന്‍ വൈകിയതില്‍ സര്‍ക്കാരിന് കോടതി താക്കീത് നല്‍കിയിരുന്നു. കൊവിഡ് മരണവുമായി ബന്ധപ്പെട്ട ഉത്തരവ് വളരെക്കാലം മുമ്പ് പാസാക്കിയെന്നും നിങ്ങള്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമ്പോഴേക്കും മൂന്നാം തരംഗവും അവസാനിക്കുമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി പറഞ്ഞു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കണമെന്ന് ജൂണില്‍ കോടതി വിധിക്കുകയും അതിനായുള്ള തുകയും മാര്‍ഗനിര്‍ദേശങ്ങളും തീരുമാനിക്കാന്‍ എന്‍.ഡി.എം.എയ്ക്ക് ആറ് ആഴ്ച സമയം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് സമാനമായ രീതിയില്‍ കൊവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വിതം നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ നഷ്ടപരിഹാരം ലഭിക്കേണ്ടത് കുടുംബത്തിന്റെ അവകാശമാണെന്നും, ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക