പാലാ രൂപതാധ്യക്ഷൻ നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെക്കുറിച്ച് കേരളമൊട്ടാകെ ചർച്ച ചെയ്യുമ്പോഴും കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ മൗനം. തിരഞ്ഞെടുപ്പുകാലത്ത് ജോസ് കെ മാണി ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും സിപിഎം നിലപാട് തള്ളിയതോടെ അദ്ദേഹം പ്രസ്താവന പിൻവലിക്കുകയാണ് ചെയ്തത്.

പാലാ പിതാവ് നടത്തിയ പ്രസംഗത്തിനെതിരെ ഇന്നലെ മുസ്‌ലിംസംഘടനകൾ പാലാ ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. പാലാ രൂപതയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് മതവിഭാഗമോ, രാഷ്ട്രീയ വിഭാഗമോ ഇത്തരത്തിൽ രൂപത ആസ്ഥാനത്തേക്ക് ഒരു പ്രതിഷേധ മാർച്ച് നടത്തുന്നത്. വിവിധ ക്രൈസ്തവ സംഘടനകൾ ഇതിൽ പ്രതിഷേധിച്ച് ഇന്ന് പാലായിൽ രൂപതാ അധ്യക്ഷന് പിന്തുണപ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനങ്ങളും, യോഗങ്ങളും നടത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലായിൽ ഇത്രയെല്ലാം തീക്ഷ്ണമായ സാഹചര്യമുണ്ടായിട്ടും ജോസ് കെ മാണി വിഷയത്തിൽ പ്രതികരിക്കാത്തത് ആണ് ഇപ്പോൾ കേരള കോൺഗ്രസിനുള്ളിലും സഭാ വിശ്വാസ സമൂഹത്തിനിടയിലും ശക്തമായ വിമർശനങ്ങൾ ഉയർന്നു വരുവാൻ കാരണമാകുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ലൗവ് ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയത് രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടാണ് എന്ന എതിരാളികളുടെ വിമർശനത്തിനും ശക്തി കൂടുന്നുണ്ട്. അദ്ദേഹം വേളാങ്കണ്ണിയിൽ ആണ് എന്നാണ് പരക്കെയുള്ള പ്രചാരണം. എവിടെയാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന പോലും അദ്ദേഹം നടത്താത്തത് അണികളെയും നിരാശരാക്കിയിട്ടുണ്ട്.

പ്രതികരിക്കാതെ സ്റ്റീഫൻ ജോർജ്:

കേരള കോൺഗ്രസ് പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഇന്ന് വിഷയത്തിലുള്ള പ്രതികരണം ആരാഞ്ഞപ്പോൾ പ്രതികരിക്കുവാൻ വിസമ്മതിക്കുകയാണ് ചെയ്തത്. പാർട്ടിക്കുള്ളിൽ തന്നെ ഇതിനെതിരെയും വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട് എന്നാണ് വിവരം. ഇന്നലെ മുസ്ലിം സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം വിവിധ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവർ ഐക്യദാർഢ്യവുമായി പാലാ രൂപത ആസ്ഥാനത്തിനു മുമ്പിലെത്തിയപ്പോൾ പ്രാദേശിക കേരള കോൺഗ്രസ് നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിൽ പോലും മുനിസിപ്പൽ ചെയർമാനും,കേരള കോൺഗ്രസ് പ്രതിനിധിയും ആയ ആൻഡോ ജോസ് പടിഞ്ഞാറേക്കര അടക്കം പരിമിതമായ വാക്കുകളിൽ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

കത്തോലിക്ക സമുദായത്തിൻറെ വക്താക്കളെന്ന് അവകാശപ്പെടുന്ന കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഈ വിഷയത്തിൽ പ്രതികരണം നടത്താത്തത് ചൂണ്ടിക്കാട്ടി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ ഇന്ന് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് മാത്രമാണോ ജോസ് കെ മാണി ലൗജിഹാദ് പോലുള്ള വിഷയങ്ങൾ ഉയർത്തുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. ഇതേ നിലയിൽ ഉള്ള പരിഹാസങ്ങൾ ആണ് പാലായിലെ വിവിധ കോണുകളിലും ഉയർന്നു കേൾക്കുന്നത്.

തിരഞ്ഞെടുപ്പുകാലത്ത് ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടു പാലായിൽ ജോസ് വിഭാഗം തീവ്രമായ മുസ്‌ലിംവിരുദ്ധ പ്രചരണം നടത്തിയിരുന്നു എന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പ് നേട്ടം കൈവരിക്കുവാൻ വേണ്ടി മാത്രം നടത്തുന്ന പ്രചരണം ആണെന്നും കാപട്യം ആണെന്നും യുഡിഎഫ് ക്യാമ്പുകൾ അന്ന് പ്രതികരിച്ചിരുന്നു. മാണി സി കാപ്പൻ കുഞ്ഞാലിക്കുട്ടിയുടെ നോമിനി ആണെന്നും, രമേശ് ചെന്നിത്തല നയിച്ച യാത്ര പാലായിൽ എത്തിയപ്പോൾ പാറിപ്പറന്നത് മുസ്ലിം ലീഗ് കൊടിയാണെന്നും ഉൾപ്പെടെയുള്ള തീവ്ര പ്രചരണങ്ങളാണ് കേരള കോൺഗ്രസ് സൈബർ വിഭാഗം വക്താക്കളും അന്ന് നടത്തിയത്.

എന്നാൽ ഇത്രയും കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ സഭാ പിതാവ് നടത്തിയ പ്രസ്താവനയെ കുറിച്ച് ജോസ് കെ മാണിയുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടാകാത്തത് പാർട്ടി അണികൾക്കിടയിൽ ആശങ്കയുണർത്തുന്നു. മാണി സി കാപ്പൻ ഇന്ന് അരമനയിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചതും, ബിഷപ്പിന് പിന്തുണപ്രഖ്യാപിച്ച് പരസ്യപ്രസ്താവന നടത്തിയതും ഇവർ ആശങ്കയോടെയാണ് കാണുന്നത്. ഇതോടുകൂടി പാലായിൽ കേരള കോൺഗ്രസിൻറെ അടിത്തറ നഷ്ടമാകുമെന്ന് ആശങ്കയാണ് പല കേന്ദ്രങ്ങളിലും ഉയരുന്നത്. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിഷയത്തിൽ പ്രതികരിക്കാത്തത് ചൊല്ലിയും പരിഹാസങ്ങൾ രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്നുണ്ട്. ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാടാണ് പാലായിൽ ഇപ്പോൾ ഉറ്റു നോക്കുന്നപെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക