കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് മരവിപ്പിച്ചു. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെട്ട സിലബസിനെതിരെ യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു.പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയില്‍ സിലബസ് പരിഷ്‌കരണം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതായി വൈസ് ചാന്‍സ്‌ലർ പറഞ്ഞതായി യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ എം.എ ഗവേണന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് കോഴ്സിന്റെ സിലബസില്‍ ഹിന്ദുമഹാസഭാ നേതാവായിരുന്ന വി.ഡി. സവര്‍ക്കറിന്റേയും ആര്‍.എസ്.എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ബല്‍രാജ് മധോക്കിന്റേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് കഴിഞ്ഞ ദിവസം മുതല്‍ വ്യാപക പ്രതിഷേധമുയര്‍ന്നത്.വിവാദ സിലബസ് പിന്‍വലിക്കില്ലെന്നായിരുന്നു നേരത്തെ വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞിരുന്നത്. ഗോള്‍വാള്‍ക്കാര്‍, സവര്‍ക്കര്‍ എന്നിവര്‍ ആരാണെന്നും എന്താണെന്നും പഠിക്കേണ്ടതുണ്ടെന്നും യോജിപ്പില്ലാത്ത പുസ്തകം വായിക്കരുതെന്ന് പറയുന്നത് താലിബാന്‍ രീതിയാണെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.ഇന്നത്തെ ബി.ജെ.പിയെ മനസിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കണം. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയുമൊക്കെ പുസ്തകങ്ങള്‍ പഠിക്കുന്നത് പോലെ ഈ പുസ്തകങ്ങളും പരിചയപ്പെടണമെന്നുമാണ് ഡോ. ഗോപിനാഥ് പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക