കൊല്ലം: പരവൂരില്‍ അമ്മയ്ക്കും മകനുമെതിരെ യുവാവിന്റെ ക്രൂരത. ഇരുവരെയും മോശമായി ചിത്രീകരിച്ച പ്രതി മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. ശേഷം കള്ളക്കേസില്‍ കുടുക്കാനും ശ്രമം നടത്തി. പ്രതിക്കെതിരെ അമ്മയും മകനും പോലീസില്‍ പരാതി നല്‍കി. പ്രതി ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഒരു അമ്മയ്ക്കും മകനും ഒരുമിച്ച് കാറില്‍ പോകാനും യാത്ര ചെയയ്യാനും സാധിക്കാത്ത കാലമാണോ ഇത് എന്ന് ആ അമ്മ ചോദിക്കുന്നു. മകനെയും തന്നെയും ക്രൂരമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് കണ്ടിട്ടും ആരും ഇടപെട്ടില്ലെന്നും അമ്മ പരാതിപ്പെടുന്നു.

സംഭവം ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഴുകോണ്‍ ചീരങ്കാവ് സ്വദേശി ഷംലയ്ക്കും മകന്‍ സാലുവിനുമാണ് പരസ്യമായി അപമാനം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച വൈകീട്ട് തെക്കുംഭാഗം ബീച്ചിലാണ് സംഭവം. ഷംലയ്ക്ക് വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ നടത്തുന്നുണ്ട്. രാവിലെ ആശുപത്രിയില്‍ പോയി വൈകീട്ട് മടങ്ങി വരുമ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.

തെക്കുംഭാഗത്തെ കടയില്‍ നിന്ന് ഭക്ഷണം വാങ്ങി കാറില്‍ തന്നെ ഇരുന്ന് കഴിക്കുകയായിരുന്നു ഷംലയും മകനും. ഈ വേളയില്‍ ഒരാള്‍ വന്ന് സംശയകരമായി നോക്കുകയും അസഭ്യം പറയാന്‍ തുടങ്ങുകയും ചെയ്തു. നിന്റെ അമ്മ തന്നെയാണോ, കണ്ടാല്‍ പറയില്ലല്ലോ എന്ന് പറഞ്ഞായിരുന്നു അസഭ്യം തുടങ്ങിയത്. കാറെടുത്ത് പോകാന്‍ തുനിഞ്ഞപ്പോള്‍ അയാള്‍ കാറില്‍ അടിച്ചു.

സാലു കാര്‍ നിര്‍ത്തിയപ്പോള്‍ മുന്നില്‍ വന്ന് കമ്പി കൊണ്ട് ഗ്ലാസ് അടിച്ചുതകര്‍ത്തു. കാറില്‍ നിന്ന് ഇറങ്ങിയ സാലുവിനെ അടിച്ചു. കൈക്ക് പൊട്ടലുണ്ട്. കൈയ്യില്‍ നിന്ന് രക്തം വരുന്നത് കണ്ട് അമ്മ പുറത്തിറങ്ങി തടയാന്‍ ശ്രമിച്ചു. ഈ വേളയില്‍ ഷംലയെയും പ്രതി മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഷംലയുടെ കൈയ്യിലും മുതുകിലും പ്രതി മര്‍ദ്ദിച്ചു.

ആളുകള്‍ കൂടിയപ്പോള്‍ പ്രതി മര്‍ദ്ദനം നിര്‍ത്തി വടി ഉപേക്ഷിച്ചു. എങ്കിലും അസഭ്യം തുടര്‍ന്നു. ആരും ഇടപെട്ടില്ല. വാഹനം നിര്‍ത്തി പലരും നോക്കിയെങ്കിലും പ്രതിയെ തടഞ്ഞില്ല. തുടര്‍ന്നാണ് ഷംലയും മകനും പരവൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. പോലീസുകാര്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടി.

ആശിഷ് എന്ന വ്യക്തിയാണ് അമ്മയെയും മകനെയും ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പ്രതിക്കായി തിരച്ചില്‍ ശക്തമാണ്. പോലീസ് കേസെടുത്തുവെന്ന് മനസിലാക്കിയ പ്രതി ഷംലയെയും സാലുവിനെയും കേസില്‍ കുടുക്കാനും ശ്രമിച്ചു. ആടിനെ കാറിടിച്ചുവെന്ന് കാണിച്ചാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന് പോലീസ് പറയുന്നു.

സാലുവിന്റെ കൈയ്യിലെ മുറിവ് ഗുരുതരമാണ്. ഇരുവരും ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അമ്മയ്ക്കും മകനും പുറത്തിറങ്ങി നടക്കാനും യാത്ര ചെയ്യാനും സാധിക്കില്ലേ, ഇതെന്ത് കാലമാണ് എന്ന് ഷംല ചോദിക്കുന്നു. ഒരു മകന്റെ മുന്നില്‍ വച്ച് പറയാന്‍ ഒരിക്കലും പാടില്ലാത്ത രീതിയിലാണ് തന്നെ അസഭ്യം പറഞ്ഞതെന്നും ഷംല പറയുന്നു.

ഷംലയുടെ ഭര്‍ത്താവ് ജോലി ആവശ്യാര്‍ഥം പോയതിനാല്‍ നാട്ടിലില്ല. മകനൊപ്പമാണ് അവര്‍ ആശുപത്രിയില്‍ പോകാറ്. വര്‍ഷങ്ങളായി ചികില്‍സാവശ്യാര്‍ഥം യാത്ര ചെയ്യുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവമെന്ന് കുടുംബം പറയുന്നു. വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക