ഡിസിസി അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉയർന്നു വന്ന വിവാദങ്ങളും, പരസ്പരമുള്ള ചെളിവാരിയെറിയലും കോൺഗ്രസിൽ അവസാനിക്കുന്നുവെന്നു സൂചന. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും, അത് മുന്നോട്ടുകൊണ്ടുപോകുന്നത് പാർട്ടി താല്പര്യങ്ങൾക്ക് വിരുദ്ധമാകും എന്നും കെ സുധാകരൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പരസ്യപ്രസ്താവന നടത്തിയതിന് പേരിൽ സസ്പെൻഷനിലായ ശിവദാസൻ നായർക്കും, അനിൽകുമാറിനും കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഏഴുദിവസത്തിനകം വ്യക്തമായ കാരണം ബോധ്യപ്പെടുത്തി ഇല്ലെങ്കിൽ സസ്പെൻഷൻ തുടരും. പാലോട് രവിക്കും, കെസി വേണുഗോപാലിനുമെതിരെ തുടർ ആരോപണങ്ങളുന്നയിച്ച പിഎസ് പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

സോണിയ ഗാന്ധിയുടെ തീരുമാനത്തിന് എതിർ ശബ്ദമുയർത്തി പരസ്യ പ്രതികരണവുമായി രംഗത്തു വന്ന നേതാക്കളുടെ പട്ടിക ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് വാർത്തയും പുറത്തു വന്നിരുന്നു. ഇത്തരം ആളുകളെ ഇനി പാർട്ടി പദവികളിലേക്ക് പരിഗണിക്കേണ്ട എന്ന തീരുമാനം ഉണ്ടായതായും വാർത്തകളുണ്ട്. അതുകൊണ്ടുതന്നെ ജോസഫ് വാഴയ്ക്കൻ ഉൾപ്പെടെയുള്ള ഗ്രൂപ്പ് പ്രമുഖർക്ക് ഇനി പാർട്ടിയിലെ സ്ഥാനമാനങ്ങൾ ലഭിക്കാനിടയില്ല. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ഗ്രൂപ്പിലെ രണ്ടാംനിര നേതാക്കൾ പരസ്യ പ്രതികരണത്തിൽ നിന്നും പിൻവലിഞ്ഞിരിക്കുകയാണ്. പിൻവലിഞ്ഞു എന്നുമാത്രമല്ല ഉമ്മൻചാണ്ടിക്കോ, രമേശ് ചെന്നിത്തലയ്ക്കോ പരസ്യ പിന്തുണ പ്രഖ്യാപിക്കുവാൻ പോലും പലരും തയ്യാറാകുന്നില്ല. ഇത് കേരളത്തിലെ പ്രമുഖ ഗ്രൂപ്പ് നേതൃത്വങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചുവടുമാറി നേതാക്കൾ:

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ പിടി തോമസ്, ടി സിദ്ദീഖ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഒരുമിച്ചാണ് നിലപാട് എടുത്തിരിക്കുന്നത്. ഇവർക്കു പുറമേ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശൂരനാട് രാജശേഖരൻ തുടങ്ങി ഇരു ഗ്രൂപ്പിലെയും പ്രമുഖർ നേതൃത്വത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഗ്രൂപ്പിന് അതീതനായി പാർട്ടിയിൽ ശക്തനായ കെ മുരളീധരനും കെപിസിസി നേതൃത്വത്തിന് അനുകൂല നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ശശി തരൂർ, രാജ്മോഹൻ ഉണ്ണിത്താൻ, എംകെ രാഘവൻ, ആൻറ്റോ ആൻറണി ഹൈബി ഈഡൻ തുടങ്ങിയ എംപിമാരും പുതിയ നേതൃത്വത്തിന് അനുകൂല നിലപാടാണ് പൊതുവിൽ സ്വീകരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക