കൊല്ലം: പാചകവാതകത്തിന്റെ പൊള്ളുന്ന വിലയില്‍ നിന്ന് അടുക്കളയ്ക്ക് ആശ്വാസം പകരാന്‍ പൈപ്പ് ലൈന്‍ വഴി സമ്മര്‍ദ്ദി​ത പ്രകൃതിവാതകം (സി.എന്‍.ജി) വീട്ടിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ജില്ലയില്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകും.

എറണാകുളത്ത് നിന്നു കൊണ്ടുവരുന്ന ദ്രവീകൃത പ്രകൃതി​ വാതകം (എല്‍.എന്‍.ജി), സി.എന്‍.ജിയാക്കാനുള്ള എല്‍.സി.എന്‍.ജി (ലിക്വിഡ് ടു കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്‍.സി.എന്‍.ജി സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഒരേക്കറാണ് വേണ്ടത്. ആദ്യഘട്ടത്തില്‍ കൊച്ചിയില്‍ നിന്നു ടാങ്കറുകള്‍ വഴി​യും പിന്നീട് പൈപ്പ് ലൈന്‍ വഴിയും എല്‍.എന്‍.ജി എത്തിക്കാനുള്ള സൗകര്യത്തിനായി​ ദേശീയപാതയോരത്തുള്ള സ്ഥലങ്ങളാണ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് പരിഗണിക്കുന്നത്. കൊട്ടിയം, കുണ്ടറ, ചവറ, ചാത്തന്നൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്. ചവറയില്‍ കെ.എം.എം.എല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്ത് സ്റ്റേഷന്‍ സ്ഥാപിക്കാനാണ് ആലോചന. കൊല്ലം നഗരത്തില്‍ പാര്‍വ്വതി മില്‍ സ്ഥിതി ചെയ്യുന്ന ഭൂമി നാഷണല്‍ ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്‍ വിട്ടുനല്‍കുകയാണെങ്കില്‍ പരി​ഗണി​ക്കും. ഇവിടം കേന്ദ്രീകരിച്ച്‌ ഹൗസ് ബോട്ടുകള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനവും ഒരുക്കും. 56.8 കിലോ ലിറ്ററിന്റെ (56,800 ലിറ്റര്‍) രണ്ട് ടാങ്കുകളും ഇന്ധനത്തിന് രൂപമാറ്റം വരുത്തുന്നതിനുള്ള രണ്ട് അനുബന്ധ ഉപകരണങ്ങളുമാകും സ്റ്റേഷനുകളില്‍ സ്ഥാപിക്കുക.

സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിനൊപ്പം വീടുകളിലേക്കുള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചുതുടങ്ങും. കൂടുതല്‍ സി.എന്‍.ജി പമ്ബുകളും ആരംഭിക്കും. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സിയാണ് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ നിര്‍വഹണം ഏറ്റെടുത്തിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക