താലിബാന്‍ ഉള്ളടക്കത്തെ തങ്ങളുടെ പ്ലാറ്റ് ഫോമുകളില്‍ നിന്ന് നിരോധിക്കുന്നത് തുടരുമെന്ന് ഫേസ്ബുക്ക് സ്ഥിരീകരിച്ചു.

താലിബാനുമായി ബന്ധപ്പെട്ടുള്ള ഉള്ളടക്കം നിരീക്ഷിക്കാനും നീക്കം ചെയ്യാനും അഫ്ഗാന്‍ വിദഗ്ധരുടെ ഒരു സംഘം തന്നെ ഉണ്ടെന്ന് കമ്ബനി വ്യക്തമാക്കി. വര്‍ഷങ്ങളായി, താലിബാന്‍ തങ്ങളുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഫ്ഗാനിസ്ഥാന്‍ അതിവേഗം പിടിച്ചെടുക്കുന്നതിനെ തുടര്‍ന്ന് താലിബാനുമായി ബന്ധപ്പെട്ട ഉള്ളടക്കത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ടെക്‌നോളജി കമ്ബനികള്‍ പുതിയ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ‘യുഎസ് നിയമപ്രകാരം താലിബാനെ ഒരു ഭീകര സംഘടനയായി അംഗീകരിച്ചിട്ടുണ്ട്. ഇത്തരം അപകടകരമായ സംഘടനകളെ കമ്ബനിയുടെ നയങ്ങള്‍ക്കനുസൃതമായി സേവനങ്ങളില്‍ നിന്ന് നിരോധിച്ചിരിക്കുന്നു. ഇതിനര്‍ത്ഥം താലിബാന്‍ അല്ലെങ്കില്‍ അവരുടെ പേരിലുള്ള അക്കൗണ്ടുകള്‍ ഞങ്ങള്‍ നീക്കം ചെയ്യുകയും അവരുടെ പിന്തുണയും പ്രാതിനിധ്യവും നിരോധിക്കുകയും ചെയ്യുമെന്ന് ‘ഫേസ്ബുക്ക് വക്താവ് ബിബിസിയോട് പറഞ്ഞു.

താലിബാനെ വര്‍ഷങ്ങളായി അപകടകരമായ ഒരു സംഘടനയായാണ് ഫേസ്ബുക്ക് നിര്‍വചിച്ചിരിക്കുന്നത്. ‘അഫ്ഗാനിസ്ഥാന്‍ വിദഗ്ദ്ധരുടെ ഒരു പ്രത്യേക ടീം തന്നെ ഇതിനായുണ്ട്. അവര്‍ സ്വദേശികളായ ദാരി, പസ്‌തോ ഭാഷ സംസാരിക്കുന്നവരും പ്രാദേശിക പശ്ചാത്തലത്തില്‍ അറിവുള്ളവരുമാണ്. ഇത് പ്ലാറ്റ്‌ഫോമിലെ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും മുന്നറിയിപ്പ് നല്‍കാനും സഹായിക്കും,’ ഫെയ്‌സ്ബുക്ക് പറഞ്ഞു.

ഈ നയം മുന്‍നിര സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളായ, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്‌ആപ്പ് എന്നിവയുള്‍പ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കും ബാധകമാണെന്ന് ഫേസ്ബുക്ക് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, താലിബാന്‍ ആശയവിനിമയം നടത്താന്‍ വാട്ട്സ്‌ആപ്പ് ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആപ്പില്‍ അക്കൗണ്ടുകള്‍ക്ക് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഫേസ്ബുക്ക് ബിബിസിയോട് പറഞ്ഞു.

ഫേസ്ബുക്കിന്റെ എതിരാളികളായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും താലിബാനുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ച്‌ പരിശോധിച്ച്‌ വരികയാണ്.അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ തിരിച്ചുപിടിച്ചതിനാല്‍, വക്താക്കള്‍ അവരുടെ ലക്ഷക്കണക്കിന് അനുയായികളെ വിവരങ്ങള്‍ അറിയിക്കാന്‍ ട്വിറ്ററാണ് ഉപയോഗിച്ചത്.

താലിബാന്റെ ട്വിറ്റര്‍ ഉപയോഗത്തെക്കുറിച്ചുള്ള ബിബിസി ചോദ്യങ്ങള്‍ക്ക് മറുപടിയായി, അക്രമാസക്തമായ സംഘടനകള്‍ക്കും വിദ്വേഷകരമായ പെരുമാറ്റത്തിനും എതിരായ കമ്ബനിയുടെ നയങ്ങളെക്കുറിച്ച്‌ കമ്ബനി വക്താവ് വ്യക്തമാക്കി. നിയമങ്ങള്‍ അനുസരിച്ച്‌, തീവ്രവാദമോ സിവിലിയന്മാര്‍ക്കെതിരായ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളെ ട്വിറ്റര്‍ അനുവദിക്കുന്നില്ലെന്നും ട്വിറ്റര്‍ വക്താവ് വ്യക്തമാക്കി.

താലിബാനെ സംബന്ധിച്ചുള്ള നയങ്ങളെക്കുറിച്ചുള്ള ബിബിസിയുടെ ചോദ്യത്തിന് ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് മറുപടി നല്‍കിയിട്ടില്ല.

ഫേസ്ബുക്ക്, തിങ്കളാഴ്ച മുതല്‍ താലിബാനെ ഒരു ഭീകരവാദ ഗ്രൂപ്പായി പ്രഖ്യാപിക്കുകയും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഈ ഭീകരവാദികളെ പിന്തുണയ്ക്കുന്ന ഉള്ളടക്കങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ കമ്ബനി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനകളുമായി ലിങ്ക് ചെയ്തിട്ടുള്ള ഏതൊരു അക്കൗണ്ടിനെതിരെയും വാട്‌സ്‌ആപ്പ് നടപടിയെടുക്കുമെന്നും ആവശ്യമെങ്കില്‍ അക്കൗണ്ട് നിര്‍ത്തലാക്കുമെന്നും ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക