പത്തുകോടി മുടക്കി വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘം സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്തെങ്കിലും പത്ത് പൈസയുടെ നിക്ഷേപ വാഗ്ദാനം പോലും കേരളത്തിന് ലഭിച്ചില്ല.70ഓളം കമ്ബിനി പ്രതിനിധികളോടും വ്യവസായ പ്രമുഖരോടും ചര്‍ച്ച നടത്തിയെന്നാണ് വ്യവസായ മന്ത്രി പി രാജീവിന്റെ അവകാശവാദം.
എന്നാല്‍ ഇതേ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത മഹാരാഷ്ട്ര സര്‍ക്കാര്‍ 15.70 ലക്ഷം കോടിയുടെ നിക്ഷേപകരാറുകളിലാണ് ഒപ്പുവെച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപ വാഗ്ദാനങ്ങളിലും കരാറുകളിലും ഒപ്പുവെച്ചതും മഹാരാഷ്ടയാണ്.ദാവോസ് വേള്‍ഡ് ഇക്കണോമിക് ഫോറം (WEF) നിലവിലെ ആഗോള സാമ്ബത്തിക സാമൂഹിക വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വര്‍ഷത്തിലൊരിക്കല്‍ ലോകത്തിലെ വന്‍കിട വ്യവസായികള്‍, രാഷ്ട തലവന്മാര്‍, മുഖ്യമന്ത്രിമാര്‍ , രാഷ്ട്രീയ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന അന്താരാഷ്ട സാമ്ബത്തിക സമ്മേളനമാണ്. ജനുവരിയില്‍ ദാവോസിലെ സ്‌കീ നഗരത്തിലാണ് അന്താരാഷ്ട മേള നടക്കുന്നത്.
അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന കേരള ഗ്ലോബല്‍ ഇന്‍വെസ്റ്റ് മീറ്റിന് ഈ ദാവോസ് യാത്ര ഗുണം ചെയ്യുമെന്നൊക്കെയാണ് മന്ത്രി രാജീവ് പറയുന്നത്. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന അസെന്‍ഡ് നിക്ഷേപ സംഗമത്തില്‍ ഒരു ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇപി ജയരാജനും അന്ന് അവകാശപ്പെട്ടത്. അസെന്‍സില്‍ പങ്കെടുത്ത കമ്ബിനികളാരും തന്നെ പിന്നീട് കാര്യമായ ഒരു നിക്ഷേപവും നടത്തിയില്ല.
അസെന്‍ഡില്‍ പങ്കെടുത്ത അമേരിക്കന്‍ കമ്ബനിയായ ഇ.എം.സി.സി ഇന്റര്‍നാഷണല്‍ 4000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി കരാറിലും ഏര്‍പ്പെട്ടു. സംസ്ഥാന സര്‍ക്കാരുമായി ഒപ്പിട്ട ഈ അമേരിക്കന്‍ കമ്ബിനിയുടെ ഉടമയായി അവതരിച്ച ഷിജു എം വര്‍ഗീസ് തട്ടിപ്പുകാരനാണെന്ന് പിന്നീട് തെളിഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും നിക്ഷേപ സമാഹരണമെന്ന പേരില്‍ വിദേശയാത്ര നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ എട്ടര വര്‍ഷത്തിനിടയില്‍ എടുത്തു പറയത്തക്ക വിദേശ നിക്ഷേപമൊന്നും ഇവിടേക്ക് വന്നിട്ടില്ല.
മഹാരാഷ്ട്ര സര്‍ക്കാര്‍ ദാവോസില്‍ 54 കരാറുകളിലാണ് ഒപ്പിട്ടത്. ഇതിലൂടെ 15.70ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അവിടേക്ക് വരുന്നത്. ഇതിനു് പുറമെ റിലയന്‍സ് ഇന്‍ഡസ്ടീസ് മാത്രം മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം മഹാരാഷ്ട്രയില്‍ നടത്തുന്നുണ്ട്. ഈ പദ്ധതിയിലൂടെ മൂന്ന് ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്.
ഇതുകൂടാതെ ആമസോണ്‍ 71 .95 കോടി നിക്ഷേപത്തിലൂടെ 85000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.മഹാരാഷ്ടയ്ക്ക് പിന്നാലെ ആന്ധ്രയും തെലുങ്കാനയും ഗണ്യമായതോതില്‍ വിദേശ നിക്ഷേപകരാറുകളില്‍ ഒപ്പിട്ടു. തെലുങ്കാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോയ സംഘം 1.78 ലക്ഷം കോടി രൂപയുടെ നിക്ഷേപകരാറുകളിലാണ് ഒപ്പു വെച്ചത്. ഇതിലൂടെ 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.






