തിരുവനന്തപുരം: ദേശീയ പതാക ഉയര്‍ത്തിയതില്‍ അബദ്ധം പിണഞ്ഞ് ബിജെപിയും. സംസ്ഥാന സമിതി ഓഫീസില്‍ പതാക ഉയര്‍ത്തിയത് തലതിരിഞ്ഞ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ദേശീയ പതാക തല കീഴായി ഉയര്‍ത്തിയത്. അബദ്ധം പിണഞ്ഞത് മനസ്സിലാക്കിയതിന് പിന്നാലെ താഴേക്ക് വലിച്ച്‌ നേരെ ഉയര്‍ത്തുകയും ചെയ്തു.

അതേസമയം, എകെജി സെന്ററില്‍ സിപിഎം പാര്‍ട്ടി കൊടിയ്‌ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തിയത് വിവാദമായി. മറ്റു കൊടികള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തുന്നത് ദേശീയ പതാക കോഡിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം ദേശീയപതാകയെ അപമാനിച്ചെന്ന് മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ ആരോപിച്ചു. ദേശീയ പതാകയെ അപമാനിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന്‍ ചെയ്തതെന്നും ദേശീയ പതാകയോടൊപ്പം അതേ ഉയരത്തില്‍ മറ്റൊരു പതാക പാടില്ലെന്ന് നിയമമുണ്ടെന്നും ശബരീനാഥന്‍ ചൂണ്ടിക്കാട്ടി. എകെജി സെന്ററില്‍ ഉയര്‍ത്തിയ ദേശീയ പതാകയോടൊപ്പം തന്നെ അതേ ഉയരത്തില്‍ പാര്‍ട്ടി പതാകയും ഉണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് എകെജി സെന്ററില്‍ നടന്നതെന്നും പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ് നല്‍കിയതെന്നും കെഎസ് ശബരിനാഥന്‍ വിമര്‍ശിച്ചു. സിപിഐഎമ്മിനെതിരെ എതിരെ ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരീനാഥന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

“എകെജി സെന്ററില്‍ ഇന്ന് പാര്‍ട്ടി സെക്രട്ടറി ദേശീയ പതാക ഉയര്‍ത്തി. എന്നാല്‍ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍.Indian Flag Code 2.2 (viii) കൃത്യമായി പറയുന്നത് ‘no other flag or bunting should be placed higher than or above or side by side with the National Flag’

ദേശീയ പതാക യോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് AKG സെന്ററില്‍ നടന്നത്. പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ്.CPM എതിരെ ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം,” ശബരീനാഥന്‍ ആവശ്യപ്പെട്ടു.

ഏഴര പതിറ്റാണ്ടിനിടെ ആദ്യമായാണ് എകെജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തിയത്. തിരുവനന്തപുരത്ത് എകെജി സെന്ററിന് പുറത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പതാക ഉയര്‍ത്തി സല്യൂട്ട് നല്‍കി. മുന്‍ മന്ത്രി എകെ ബാലന്‍, എ വിജയകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ദേശീയ സ്വാതന്ത്ര്യ സമര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പോരാളികളുടെ സ്വപ്‌ന സാക്ഷാത്കരണത്തിന്റെ ദിനമാണ് സ്വാതന്ത്ര്യ ദിനമെന്ന് എ വിജയരാഘവന്‍ പതാക ഉയര്‍ത്തിയ ശേഷം പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക