തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിമൂലം ദുരിതക്കയത്തിലായ കുത്താമ്പുള്ളി നെയ്ത്ത്ഗ്രാമത്തിന് കൈത്താങ്ങാകുന്ന ‘വോക്കല്‍ ഫോര്‍ ട്രഡീഷന്‍, വോക്കല്‍ ഫോര്‍ കള്‍ച്ചര്‍’  ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഞ്ജലി വര്‍മ്മ നേതൃത്വം നല്‍കുന്ന ക്യാമ്പയിന്‍ തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ വെച്ച് പൂയം തിരുന്നാള്‍ ഗൗരി പാര്‍വ്വതി ബായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റോയല്‍ഹാന്‍ഡ് ലൂം എഡിഷന്‍’ മുദ്ര’ യുടെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും  അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി നിര്‍വ്വഹിച്ചു. തൃശൂര്‍ കുത്താമ്പുള്ളിയിലെ നെയ്ത്തുകാര്‍ തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുദ്ര നെയ്‌തെടുത്ത കൈത്തറി സാരിയാണ് റോയല്‍ ഹാന്‍ഡ്‌ലൂം എഡിഷനിലൂടെ കവടിയാര്‍ കൊട്ടാരത്തിന് സമ്മാനിച്ചത്.

 കുത്താമ്പുള്ളിയിലെ സാധാരണക്കാരായ നെയ്ത്ത്കാരില്‍ നിന്ന് ആയിരത്തോളം തുണിത്തരങ്ങള്‍ ശേഖരിച്ചുകൊണ്ട് ഓണക്കാലത്ത് സഹായഹസ്തം ഒരുക്കുകയാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ഡിസൈനര്‍ അഞ്ജലി വര്‍മ്മ പറഞ്ഞു.ക്യാമ്പയിനിലൂടെ കേരളത്തിന്റെ കൈത്തറി ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വേകാനും അന്താരാഷ്ട്രതലത്തിലേക്ക് നെയ്ത്തുഗ്രാമത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു.കുത്താമ്പുള്ളിയിലെ കൈത്തറി ഉത്പാദനത്തെയും അതുവഴി പ്രാദേശിക സമ്പദ്ഘടനയെ പരിപോഷിപ്പിക്കാനും ക്യാമ്പയിനിലൂടെ സാധ്യമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

  പുതുമകളെ സ്വീകരിക്കുമ്പോള്‍ പരമ്പരാഗത രീതികള്‍ക്ക് കോട്ടംവരാതെ കാത്തുസൂക്ഷിക്കുവാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് പൂയം തിരുന്നാള്‍ ഗൗരി പാര്‍വ്വതി ബായ് തമ്പുരാട്ടി പറഞ്ഞു. കേരളത്തിന്റെ സ്വന്തം കൈത്തറി മേഖലയ്ക്ക് പുത്തനുണര്‍വ്വ് പകരുന്ന ക്യാമ്പയിന്‍ പുതുതലമുറ നെയ്ത്ത്കാര്‍ക്ക് ഏറെ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.കേരളത്തിന്റെ തനത് വസ്ത്ര നിര്‍മ്മാണ രീതി ഉപജീവനമാര്‍ഗമാക്കിയ കുത്താമ്പുള്ളിയിലെ പുതുതലമുറ നെയ്ത്തുകാരെയും ഇവര്‍ക്ക് സഹായഹസ്തമൊരുക്കുവാന്‍ മുന്നിട്ടിറങ്ങിയ അഞ്ജലി വര്‍മ്മയെയും അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി അഭിനന്ദിച്ചു. ക്യാമ്പയിന്റെ ഭാഗമായി തൃശൂരില്‍ വെച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഖ്യപങ്ക്വഹിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈത്തറി വസ്ത്രം നല്‍കി ആദരിക്കുമെന്ന് ക്യാമ്പയിന്‍ കോര്‍ഡിനേറ്റര്‍ അഞ്ജലി വര്‍മ്മ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക