പാലക്കാട്: അഡ്വ. ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം. മണ്ണാര്‍ക്കാട് എസ് സി – എസ് ടി സ്പെഷ്യല്‍ കോടതിയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാളയാര്‍ പെണ്‍ക്കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തലേദിവസം ഇവര്‍ക്കെതിരെ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് ഇവര്‍ മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.പരാതി പരിശോധിച്ച കോടതി പൊലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും എസ് സി എസ്ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്നായിരുന്നു ആവശ്യം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ സംശയ നിഴലില്‍ നിര്‍ത്തുന്ന തരത്തിലായിരുന്നു ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. വാളയാര്‍ കേസില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് ഇത് കാരണമായി. മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചതിന് തന്നെ മനപ്പൂര്‍വം അപമാനിക്കാനാണ് ഹരീഷ് വാസുദേവന്‍ ശ്രമിച്ചതെന്നായിരുന്നു അമ്മയുടെ ആരോപണം. സംഭവത്തില്‍ ഹരീഷിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് വാളയാര്‍ സിഐയ്ക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ് പിയ്ക്കും പരാതി നല്‍കി. എന്നാല്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിയ്ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക