സംസ്ഥാനത്ത് കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വലമായ വിജയം ജനങ്ങൾ മുന്നണിയിലും പാർട്ടിയിലും അർപ്പിക്കുന്ന വിശ്വാസത്തിന്റെ കൃത്യമായ സൂചനയാണ്. 2019ലെ തനിയാവർത്തനം എന്ന് ഇതിനെ കാണാൻ ആവില്ല. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് കോവിഡ് സാഹചര്യം ഉരുതിരിഞ്ഞതും, പിണറായി വിജയന് ഒരു രക്ഷകന്റെ പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടതും അതിനുമേൽ പടുത്തുയർത്തിയ പി ആർ സ്റ്റൺഡുകൾ തുടർ വിജയത്തിലേക്ക് അദ്ദേഹത്തെ നയിച്ചതും. എന്നാൽ ഇന്ന് മുഖ്യമന്ത്രി പിണറായിയുടെയും, അദ്ദേഹത്തിന്റെ കാൽ ചുവട്ടിൽ അമർന്ന പാർട്ടിയുടെയും ഗതികേട് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഈ ഭരണകൂടം അവർക്കുമേൽ ഏൽപ്പിക്കുന്ന ആഘാതങ്ങളുടെ ഭാരം സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് കോൺഗ്രസിന് ഒരു തിരിച്ചുവരവ് എളുപ്പമാണ്.
എന്നാൽ പ്രത്യാശാപൂർവ്വം നോക്കി കാണുവാൻ ഒരു നേതാവ്/ ഒരു നേതൃ മുഖം/ ഒരു ഭാവി മുഖ്യമന്ത്രി എന്നിങ്ങനെ ഒരാളെ കോൺഗ്രസ് മുന്നോട്ടു വയ്ക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ജനങ്ങൾ കാണുന്നത് ഈ പദവി ലക്ഷ്യമിട്ട് കരു നീക്കങ്ങൾ ശക്തമാക്കുന്ന ഒരുപറ്റം നേതാക്കളെയാണ്. തങ്ങളുടെ പദവി ഉറപ്പിക്കുവാൻ പരസ്പരം ചവിട്ടി തീർക്കുന്ന, കോൺഗ്രസിന്റെ വിശ്വാസ്യതയെ തകർക്കുന്ന ഒരുപറ്റം നേതാക്കളെ. ഇവരിൽ ഒരാളെ എടുത്തുയർത്തി മുന്നിൽ നിർത്തേണ്ട ഉത്തരവാദിത്വം കോൺഗ്രസ് ഹൈക്കമാൻഡിനുണ്ട്. അതാരായിരിക്കാം എന്ന് സാധ്യതകൾ ഇവിടെ പരിശോധിക്കുന്നു.
കെ സി വേണുഗോപാൽ: സമകാലിക കോൺഗ്രസ് രാഷ്ട്രീയത്തിൽ കേരളത്തിൽ നിന്ന് പാർട്ടി ദേശീയ നേതൃനിരയിൽ ഇത്രമാത്രം സ്വാധീനമുള്ള ഒരു നേതാവ് ഉണ്ടായിട്ടില്ല. ഇന്ദിരാഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും കാലത്ത് കരുണാകരൻ അനുഭവിച്ചിരുന്ന സ്വാധീനമോ, ഒന്നും രണ്ടും യുപിഎ സർക്കാരുകളുടെ കാലത്ത് പ്രതിരോധ വകുപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്ത എ കെ ആന്റണി അനുഭവിച്ചിരുന്ന സ്വാധീനമോ ഇത് കോൺഗ്രസ് ഹൈക്കമാന്റിൽ കെ സി വേണുഗോപാൽ കയ്യാളുന്ന സ്വാധീനത്തിന് മുന്നിൽ ചെറുതാണ്. കരുണാകരനും ആൻറണിയും ഭരണമുള്ളപ്പോൾ സ്വാധീനം അനുഭവിച്ചിരുന്നു എന്ന മേന്മ മാത്രമാണ് ഉള്ളത്.
എന്നാൽ കെ സി കോൺഗ്രസ് നേതൃനിരയുടെ ഭാഗമായി ഉയർന്നുവന്നത് പാർട്ടിയുടെ ഏറ്റവും വലിയ പ്രതിസന്ധികളുടെ കാലത്താണ്. ഗാന്ധി കുടുംബത്തിന്റെയും പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെയും വിശ്വസ്തനായ വലം കയ്യാണ് ഇന്ന് കെ സി. അതുകൊണ്ടുതന്നെ സംസ്ഥാന കോൺഗ്രസിൽ എതിർസ്വരങ്ങൾ ഇല്ലാതെ നേതൃമുഖമായി ഉയർന്നു വരുവാനും തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് പാർട്ടിയെ നയിക്കുവാനും കെസി വേണുഗോപാൽ ഏറ്റവും പര്യാപ്തനായ നേതാവാണ്. അണികളുടെ അകമഴിഞ്ഞ പിന്തുണയും വേണുഗോപാലിന് ലഭിക്കും. അതുകൊണ്ടുതന്നെ ഈ വിഷയത്തിന് ഏറ്റവും സ്വാഭാവികമായ പരിഹാരം എന്ന് പറയുന്നത് കെ സി വേണുഗോപാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേതൃ സ്ഥാനം ഏറ്റെടുക്കുക എന്നതാണ്.
വി ഡി സതീശൻ: നിയമസഭയ്ക്കുള്ളിൽ, സഭാ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പ്രതിപക്ഷത്തെ കൃത്യതയോടെ നയിക്കുന്ന വിഡി സതീശൻ മികച്ച ഒരു നേതൃമുഖമാണ്. വാക്കുകളുടെ മൂർച്ച തന്നെയാണ് സതീശനെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ശോഭിക്കുവാൻ സഹായിക്കുന്നത്. നിയമസഭാ ചട്ടങ്ങളെ കുറിച്ചുള്ള വ്യക്തമായ അവഗാഹവും, പ്രതിപക്ഷ നിരയുടെ അവകാശങ്ങളെ കുറിച്ചുള്ള കൃത്യമായ ബോധ്യവും നിയമസഭയ്ക്കുള്ളിൽ സതീശനെ അപകടകാരിയായ പ്രതിപക്ഷ നേതാവാക്കി മാറ്റുന്നു.
വി ഡിയുടെ മറ്റൊരു ശക്തി അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് മാനേജ്മെൻറ് വൈദഗ്ധ്യം ആണ്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ വിജയം യുഡിഎഫിന് സുനിശ്ചിതമായിരുന്നുവെങ്കിലും ചരിത്ര ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ നയിച്ചത് ഈ മികവ് തന്നെയാണ്. കോൺഗ്രസിന് പരിചിതമല്ലാത്ത കേഡർ മോഡൽ പ്രചരണ തന്ത്രങ്ങൾ ആവിഷ്കരിക്കുവാനും വിജയകരമായി നടപ്പാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. പാലക്കാട്ടും, ചേലക്കരയിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളിലും ഇത് ദൃശ്യമാകും എന്നും ഉറപ്പാണ്.
ജനങ്ങളുടെ പൾസ് അറിയാനും വിഡി സതീശന് വലിയ വൈഭവമുണ്ട്. അതുകൊണ്ടുതന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ വിഷയങ്ങളോ അഖില കേരള വിഷയങ്ങളോ അല്ല മണ്ഡലം ബ്ലോക്ക് തലങ്ങളിൽ പ്രാദേശിക വിഷയങ്ങളിൽ ഊന്നി ഒരു വർഷക്കാലത്തോളം പ്രചരണം നടത്തുന്ന രീതിയിൽ മിഷൻ 2025ന് അദ്ദേഹം രൂപം കൊടുത്തത്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ പ്രാദേശിക നേതൃത്വം കൃത്യമായി ഇടപെടൽ നടത്തിയാൽ മാത്രമേ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ ആകൂ എന്ന് തിരിച്ചറിവ് ഒരു പ്രായോഗിക രാഷ്ട്രീയക്കാരന്റെ മികവ് തന്നെയാണ്. ഈ മികവ് ഇന്ന് സംസ്ഥാനത്തെ നേതൃനിരയിൽ ഏറ്റവും അധികം ഉള്ള നേതാവാണ് സതീശൻ.
എന്നാൽ പലപ്പോഴും അമിതമായ ആദർശപര നിലപാടുകളും, ചില നേരങ്ങളിൽ എല്ലാം സഹപ്രവർത്തകരോടുള്ള അസഹിഷ്ണുതയും, പാർട്ടി അണികൾക്കിടയിൽ അത്ര ജനകീയമായ ഇടപെടൽ നടത്താനുള്ള വൈമുഖ്യവും വി ഡി സതീശന് തിരിച്ചടിയാണ്. അനിഷ്ടം വളരെ വേഗം പ്രകടമാക്കുകയും പലപ്പോഴും വാക്കുകൾ കൊണ്ട് അത് പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ സതീശന് പിശുക്ക് ഇല്ലാത്തത് അദ്ദേഹത്തിന്റെ വലിയ പോരായ്മയാണ്. ഉപതെരഞ്ഞെടുപ്പുകളിൽ ഒരു ടാസ്ക് മാസ്റ്റർ എന്ന നിലയിൽ കൈവരിച്ച വിജയം ഒരു പൊതു തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് നിലനിർത്താൻ ആകുമോ എന്ന സംശയവും സംസ്ഥാനതലത്തിൽ വിപുലമായ സ്വന്തം നെറ്റ്‌വർക്ക് പാർട്ടിക്കുള്ളിൽ ഇല്ലാത്തതും വി ഡിയെ സംബന്ധിച്ച് വെല്ലുവിളിയാണ്. എങ്കിലും കെ സി വേണുഗോപാൽ കഴിഞ്ഞാൽ പാർട്ടിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കാൻ ഏറ്റവും യോഗ്യരായ നേതാക്കളിൽ മുൻനിരക്കാരൻ തന്നെയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
ശശി തരൂർ: പാർട്ടി അണികളുടെ വോട്ട് കൊണ്ടല്ല തിരഞ്ഞെടുപ്പുകൾ ജയിക്കുന്നത്. മറ്റേതൊരു പാർട്ടിയെക്കാളും കോൺഗ്രസിനെ സംബന്ധിച്ച് നിഷ്പക്ഷരായ വോട്ടർമാരുടെ അകമഴിഞ്ഞ പിന്തുണയാണ് കേരളത്തിൽ വിജയം ഒരുക്കുന്നത്. ഇങ്ങനെ നിഷ്പക്ഷമതികളായ കേരളത്തിലെ ജനാധിപത്യ വിശ്വാസികളെ സ്വാധീനിക്കുവാൻ കോൺഗ്രസിന് ഉള്ള ഏറ്റവും വിശ്വാസ്യമായ നേതൃമുഖമാണ് ശശി തരൂർ. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തന്നെയാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെയാണ് ബിജെപിയുടെയും, സിപിഎമ്മിന്റെയും സംഘടനാ ശേഷിയെ നിഷ്പ്രഭമാക്കി തിരുവനന്തപുരത്ത് അദ്ദേഹം നാലാം തവണയും തുടർ വിജയൻ നേടിയത്.
ഊ എന്നാൽ പാർട്ടിയുടെ സംഘടനാ സംവിധാനത്തെ കൃത്യമായി ചലിപ്പിക്കുവാനും, സർവ്വസാധാരണക്കാരായ പ്രവർത്തകരുടെ ആവേശത്തോടെ ചേർന്നുനിന്ന് അവരിൽ ഒരാളായി തോന്നിക്കുവാനോ ശശി തരൂരിന് ഒരിക്കലും കഴിയില്ല. ബൗദ്ധികമായ ഔന്നിത്യവും, ജീവിതശൈലിയിലെ കുബേരത്വവും കൈവെടിഞ്ഞ് സാധാരണക്കാരിൽ സാധാരണക്കാരുടെ ചേർന്നുനിന്ന് പാർട്ടി പ്രവർത്തകരുടെ വികാരം ആകുവാനുള്ള പോരായ്മയാണ് തരൂരിന്റെ മുന്നിൽ ഉള്ള വെല്ലുവിളി. ഇതിന് പാർട്ടിയുടെ കൂടെ പിന്തുണയോടെ ഒരു പരിഹാരം കാണാൻ കഴിഞ്ഞാൽ, തരൂരിന്റെ ശൈലിയെ ഉൾക്കൊണ്ടുകൊണ്ട് കോൺഗ്രസിന്റെ സംഘടന സംവിധാനം ചിട്ടയായി പ്രവർത്തിച്ചാൽ ശശി തരൂരിന് മുൻനിർത്തി കേരള ഭരണം പിടിക്കുക എന്നത് ഏറ്റവും ലളിതമായ ഒരു ഉദ്യമമായി മാറും. കാരണം കേരളത്തെ വികസനത്തിലേക്ക് നയിക്കുവാൻ, കേരളത്തിലെ യുവജനങ്ങളെയും സ്ത്രീകളെയും പ്രചോദിപ്പിക്കുവാൻ തരൂരിനെപ്പോലെ പ്രാപ്തിയുള്ള മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ല.
ഗദ്യന്തരം ഇല്ലാതെ മാറ്റി നിർത്തേണ്ടവരും, ഉറപ്പായും മന്ത്രിസഭയിൽ ഉണ്ടാവേണ്ടവരും
കെ സുധാകരനും, രമേശ് ചെന്നിത്തലയും, കെ മുരളീധരനും എല്ലാം പ്രാപ്തിയുള്ള നേതാക്കൾ തന്നെയാണ്. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ ഇവരുടെ നേതൃത്വത്തിൽ മുന്നോട്ടുപോയാൽ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളെയും വെല്ലുവിളികളെയും കോൺഗ്രസിന് സംസ്ഥാനത്ത് നേരിടേണ്ടി വരും. തന്റെ പ്രായത്തിന്റെ സ്വാഭാവികമായ തളർച്ചയും ബുദ്ധിമുട്ടുകളും സുധാകരനെ വേട്ടയാടുന്നു. കഴിഞ്ഞതവണത്തെ പരാജയത്തിന്റെ ഉത്തരവാദിത്വം രമേശിന് തടസ്സമാകുന്നു. രമേശ് ചെന്നിത്തലയുടെ പോരായ്മ കൊണ്ട് അല്ല കഴിഞ്ഞ തവണ പരാജയപ്പെട്ടത് എങ്കിൽ കൂടിയും അദ്ദേഹത്തിന്റെ നേതൃത്വത്തെ ഇന്നത്തെ സാഹചര്യത്തിൽ പിണറായിയോട് പൊരുതാൻ പ്രാപ്തമായ ഒന്നായി പൊതു സമൂഹം കാണുന്നില്ല എന്നതാണ് സങ്കടകരമായ സത്യാവസ്ഥ. കെ മുരളീധരൻ കഴിവുള്ള അണികൾക്ക് സ്വീകാര്യതയുള്ള നേതാവാണ്. പക്ഷേ പരാജയമോ തിരിച്ചടിയോ ഉണ്ടാകുമ്പോൾ ഉള്ള അപക്വമായ പെരുമാറ്റവും, നിരന്തരമായ കുറ്റപ്പെടുത്തലുകളും പൊതുസമൂഹത്തിനു മുന്നിൽ മുരളീധരന്റെ സ്വീകാര്യതയ്ക്ക് വെല്ലുവിളിയാണ്.
വരാനിരിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ അംഗത്വം നൽകി കോൺഗ്രസിന് വിദഗ്ധമായി ഉപയോഗിക്കാവുന്ന പരിണിത പ്രഗ്നരും ഭരണ നൈപുണ്യമുള്ളവരുമായ നിരവധി മുതിർന്ന നേതാക്കളുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ് എന്നീ നേതാക്കളൊക്കെ ഇന്നും സംസ്ഥാനത്ത് പ്രത്യേകിച്ച് തങ്ങളുടെ ജില്ലയിലും മണ്ഡലങ്ങളിലും വലിയ സ്വീകാര്യത അനുഭവിക്കുന്നവരാണ്. മുതിർന്ന തലമുറയിൽ ഇവരെ പോലുള്ളവരെ മന്ത്രിസഭയുടെ പക്വതയും പരിചയസമ്പത്തും ഭരണമികവും ഉറപ്പുവരുത്തുവാൻ ഉപയോഗിക്കാൻ ഉള്ള ബുദ്ധിവൈഭവും സംസ്ഥാന ദേശീയ നേതൃത്വങ്ങൾ പ്രകടിപ്പിക്കണം
യുവാക്കളുടെ രണ്ടാംനിര നേതൃനിരയെ ശക്തിപ്പെടുത്തണം; പഴയ പടക്കുതിരകൾ വഴിമാറണം
വഴിമാറാൻ കൂട്ടാക്കാത്ത നിൽക്കുന്ന പഴയ പടക്കുതിരകൾ കോൺഗ്രസിന് ഒരു ഭാരമാണ്. ഇവരെ അക്കോമഡേറ്റ് ചെയ്യുവാൻ വേണ്ടിയാണ് പലപ്പോഴും യുവാക്കളെ പാർട്ടി തഴയുന്നത്. ഒരു യുവാവിനെ ഒരു സുപ്രഭാതത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചുകൊണ്ട് വിജയിപ്പിച്ചെടുക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് കോൺഗ്രസിന് ഉണ്ടാവണം. തിരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പെങ്കിലും ആ നിയോജക മണ്ഡലത്തിൽ സുപരിചിതനാകുവാൻ യുവാക്കൾക്ക് പാർട്ടി സൗകര്യം ചെയ്തു കൊടുത്തിട്ട് മാത്രമേ അവരെ സ്ഥാനാർഥികളാക്കാവൂ. എന്നാൽ ഇതിന് തടസ്സമാകുന്നത് വഴിമാറാൻ കൂട്ടാക്കാത്ത പഴയ പടക്കുതിരകളാണ്.
മാത്യു കുഴൽനാടനും, പി സി വിഷ്ണുനാഥും, ഷാഫി പറമ്പിലും, വിഎസ് ജോയിയും, ഹൈബി ഈഡനും, മുഹമ്മദ് ഷിയാസും, റോജി എം ജോണും എല്ലാം കോൺഗ്രസിന് മുന്നിൽ നിർത്താൻ കഴിയുന്ന മികച്ച നേതൃ മുഖങ്ങളാണ്. ഭരണം കിട്ടിയാൽ മന്ത്രിസഭയിലും, ഭരിക്കുന്ന സമയത്ത് പാർട്ടിയുടെ ഉന്നതമായ സ്ഥാനങ്ങളിലും (കെപിസിസി അധ്യക്ഷപദവിയിൽ ഉൾപ്പെടെ) ഇവരെയൊക്കെ പ്രതിഷ്ഠിച്ച് മുന്നോട്ടുപോകും എന്ന ബോധ്യം ജനങ്ങൾക്ക് ഇന്നേ പകർന്നു നൽകുവാൻ കോൺഗ്രസിന് കഴിയണം. എങ്കിൽ മാത്രമേ വരാനിരിക്കുന്ന യുഡിഎഫ് മന്ത്രിസഭ എന്ന സങ്കല്പത്തെക്കുറിച്ച് അവർക്ക് പ്രത്യാശ ഉണ്ടാവുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ ഒറ്റ തന്തയെ മുന്നിൽ നിർത്തി, അദ്ദേഹത്തിന് പിന്നിൽ കരുത്തരായ കഴിവുള്ള യുവ നേതാക്കളെ ചേർത്ത് നിർത്തി, ആവശ്യമായ അളവിൽ മുതിർന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് താമസം വിനാ മുന്നോട്ടു പോയാൽ കോൺഗ്രസിന് കേരളം പിടിക്കാം, ഇല്ലെങ്കിൽ ചരിത്രപരമായ മൂന്നാം തോൽവിക്ക് വഴിമരുന്നിടാം.