കോണ്‍ഗ്രസില്‍ കെ.സുധാകരനും വി.ഡി. സതീശനും രണ്ട് വഴിക്കാണ് എന്നത് പ്രചാരണത്തിന് പിന്നില്‍ മുഖ്യമന്ത്രിയും മാധ്യമങ്ങളുമാണ് എന്ന വിശദീകരണവുമായി കെപിസിസി പ്രസിഡൻ്റ്. ഗ്രൂപ്പ് തർക്കങ്ങള്‍ക്കപ്പുറം രണ്ട് മുതിർന്ന നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സംസ്ഥാനത്ത് പാർട്ടിക്ക് നിലവിലുള്ള അനുകൂലാവസ്ഥ ഇല്ലാതാക്കുന്നു എന്ന വിമർശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ഇടയിലാണ് കെ.പി.സി.സി പ്രസിഡൻ്റിൻ്റെ വിശദീകരണക്കുറിപ്പ് സാമൂഹ്യ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും താനുമായി അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു എന്ന പ്രചരണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്ന വിശദീകരണമാണ് പോസ്റ്റിലൂടെ കെ സുധാകരൻ നല്‍കുന്നത്. പിന്നില്‍ പിണറായി വിജയന്‍ ആണെന്നുള്ള വിശദീകരണവും കുറിപ്പിലുണ്ട്. കോണ്‍ഗ്രസിൻ്റെ വിജയത്തില്‍ അസംതൃപ്തിയുള്ള ചില മാധ്യമങ്ങളാണ് അതിന് പിന്നില്‍ എന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ ആരോപിക്കുന്നു.
ചിന്തൻ ശിബിരത്തില്‍ കെപിസിസിക്കെതിരായി വി.ഡി.സതീശൻ പ്രസംഗിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോർത്തി നല്‍കിയത് വി.ഡി.സതീശൻ്റെ ഒപ്പമുള്ള നേതാക്കള്‍ ആണെന്ന് ചൂണ്ടിക്കാട്ടി സുധാകരൻ ഹൈക്കമാൻഡിന് പരാതി നല്‍കിയതായും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് താനും പ്രതിപക്ഷ നേതാവുമായി ഒരു പ്രശ്നവുമില്ല എന്ന തരത്തില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്നും പോസ്റ്റിലൂടെ വ്യക്തമാക്കുന്ന സുധാകരൻ അത് എല്ലാക്കാലത്തും ഉള്ളതാണ് എന്നീ രീതിയില്‍ ലഘൂകരിക്കുകയും ചെയ്യുന്നുണ്ട്.
തന്നോട് ഒരു നേതാവിനും തർക്കമില്ലെന്നും താൻ വിമർശനത്തിന് അതീതനല്ലെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞുവെക്കുന്നു. പാർട്ടിയിലെ സാധാരണ അണികള്‍ക്ക് പോലും തന്നെ വിമർശിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ട് എന്ന തരത്തിലുള്ള വാർത്തകള്‍ക്ക് പിന്നില്‍ സിപിഎമ്മും പിണറായി വിജയനുമാണ് എന്ന് ആവര്‍ത്തിച്ച് സ്ഥാപിക്കാനും സുധാകരൻ മറക്കുന്നില്ല. വയനാട് ചിന്തൻ ശിബിരുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡൻ്റും പ്രതിപക്ഷ നേതാവ് തമ്മിലുള്ള മൂപ്പിളമ്മ തർക്കം മറനീക്കി പുറത്ത് വന്നതിന് ശേഷമാണ് സുധാകരൻ്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. താൻ അധ്യക്ഷനായ ശേഷം പാർട്ടിക്കുണ്ടായ നേട്ടങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി പ്രവർത്തകരോട് വളരെ വൈകാരികമായി സംവദിക്കുന്ന തരത്തിലാണ് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.
പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന രീതിയിലും നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന തരത്തിലും നിരന്തരമായി വാർത്തകള്‍ മാധ്യമങ്ങളിലൂടെ വരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നടപടിയുമായി ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാർട്ടി നടപടികള്‍ മാധ്യമങ്ങള്‍ക്ക് ചോർത്തിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടിയെടുക്കാനും ദേശീയ നേതൃത്വം കെപിസിക്ക് നിർദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സുധാകരൻ്റെ പ്രതികരണം.ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയം ആവർത്തിച്ച് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുന്നിലെത്താനുള്ള തന്ത്രങ്ങളിലാണ് തൻ്റെ ശ്രദ്ധയെന്നും സുധാകരൻ പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.
കെ.സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
എനിക്കേറ്റവും പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകരോട്…. കഴിഞ്ഞ നിയമസഭയ്ക്ക് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും…
Posted by K Sudhakaran on Monday, July 29, 2024