വർഷങ്ങളായി കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും പതനത്തിന്റെ പാപഭാരം തലയിൽ ചുമന്ന നേതാവാണ് കെ സി വോണുഗോപാൽ. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനയെ പിടിച്ചുനിർത്തുവാനും രാമന്റെ വിനീത ദാസനായ ലക്ഷ്മണൻ എന്നത് പോലെ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് നിന്ന് കോൺഗ്രസിന്റെ തിരിച്ച് വരവിന് വഴിയൊരുക്കിയതിലും വേണുഗോപാലിന്റെ സംഭാവന ചെറുതല്ല. ഹിന്ദി ഹൃദയ ഭൂമിയിൽ അടക്കം രാജ്യത്തിന്റെ വികാരങ്ങളെ സ്വാധീനിക്കുന്ന നേതാവ് ഒന്നുമല്ല കെ സി, പക്ഷേ തന്റെ ഉത്തരവാദിത്വം എന്തെന്ന കൃത്യമായ തിരിച്ചറിവോടെ സംഘാടന ചുമതല നിർവഹിച്ചും, ഭാരത് ജോഡോ യാത്ര പോലുള്ള രാഹുൽ ഗാന്ധിയുടെ പാൻ ഇന്ത്യ പ്രചരണങ്ങൾക്ക് കൃത്യമായ ഏകോപനം നൽകിയും, ഇന്ത്യ മുന്നണിയിലെ ഘടകക്ഷി നേതാക്കളുമായി പാർട്ടിയെ രമ്യതയിൽ എത്തിച്ചും, കർണാടകയിലടക്കം ഉൾ പാർട്ടി പ്രശ്നങ്ങളിൽ നിഷ്പക്ഷതയോടെ ഇടപെട്ട് പരിഹാരം കണ്ടും അയാൾ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എന്താവണമെന്ന് പ്രവർത്തിയിലൂടെ തെളിയിച്ചു.
കെ സിയുടെ മഹത്വങ്ങൾ വിളമ്പിയത് ഇന്ന് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിൻറെ പ്രസക്തി എത്രത്തോളമാണ് എന്ന വിഷയത്തിലേക്ക് വരാനാണ്. ഒരു സുപ്രഭാതത്തിൽ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി മാറിയ നേതാവല്ല കോൺഗ്രസിൽ കെ സി. അദ്ദേഹത്തിൻറെ സമകാലീനരായ നേതാക്കളെ അപേക്ഷിച്ചും, അദ്ദേഹത്തിന്റെ മുൻഗാമികളെയും പിൻഗാമികളെയും താരതമ്യം ചെയ്തും നോക്കിയാൽ പാർട്ടിയുടെ താഴെത്തട്ടിൽ നിന്ന് സംഘാടന മികവിലൂടെ അഖിലേന്ത്യാ നേതൃത്വത്തിൽ എത്തിനിൽക്കുന്ന വ്യക്തിത്വമാണ് വേണുഗോപാൽ.
കെഎസ്‌യുവിന്റെ യൂണിറ്റ് തലം മുതൽ പ്രവർത്തിച്ച് പാർട്ടിയിൽ വളർന്ന നേതാവ്. എംഎൽഎ എന്ന നിലയിലും എംപി എന്ന നിലയിലും ഇടതുകോട്ടയായ ആലപ്പുഴയിൽ ജനഹൃദയത്തിൽ സ്ഥാനം നേടിയ നേതാവ് കൂടിയാണ് വേണുഗോപാൽ. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ തവണ 19 സീറ്റുകൾ നേടിയപ്പോഴും കൈവിട്ട ആലപ്പുഴ തിരികെ പിടിക്കാൻ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് പോലും നഷ്ടപ്പെടുത്തി വേണുഗോപാലിനെ വീണ്ടും കേരളത്തിൽ എത്തിച്ചത്. സംസ്ഥാനത്തും കേന്ദ്രത്തിലും മന്ത്രിയെന്ന നിലയിറ മികച്ച ഭരണാധികാരിയായി കഴിവു തെളിയിച്ച വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റെത്.
ജനങ്ങൾ അനുഗ്രഹിച്ചു നൽകിയ രാഷ്ട്രീയ വിജയങ്ങളെ അവഹേളിക്കുന്ന രീതിയിൽ തമ്മിൽ തല്ലി പാർട്ടിയെ തകർക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി അധ്യക്ഷൻ കെ സുധാകരനും കൈക്കൊള്ളുന്നത് എന്ന് പറയാതെ വയ്യ. ഇത് പാർട്ടി വേദികളിൽ മാത്രമല്ല പത്രസമ്മേളന വേദികളിലൂടെ ലോകം മുഴുവൻ കണ്ടതാണ്. ഇരുവർക്കും അവരുടേതായ ന്യായീകരണങ്ങൾ ഉണ്ട് എങ്കിലും പാർട്ടിയുടെ താൽപര്യങ്ങളെ ഇരുവരുടെയും സമീപനം ദുർബലപ്പെടുത്തുന്നു എന്നതാണ് യാഥാർത്ഥ്യം. കൊതിക്കെറുവുമായി ചെന്നിത്തലയും സംസ്ഥാനത്തുടനീളം ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നുണ്ട്. പിണറായിയുടെ ദുർഭരണത്തിൽ നിന്ന് രക്ഷ നേടുവാൻ കോൺഗ്രസിൽ പ്രതീക്ഷയർപ്പിക്കുന്ന ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്ന ഈ നീക്കങ്ങൾ അവസാനിച്ചില്ലെങ്കിൽ കേരളത്തിൽ മൂന്നാം തവണയും പിണറായി ഭരണം എന്ന ദുർഗതി സംഭവിക്കുകയും, സംസ്ഥാനത്ത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പതനത്തിന് വഴിയൊരുക്കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ പാർട്ടിയെ മുഴുവൻ വിശ്വാസത്തിലെടുത്ത് മുന്നോട്ടു നയിക്കാൻ കേരളത്തിലെ കോൺഗ്രസിന് ആവശ്യം കെ സി വേണുഗോപാലിനെ പോലെ ഒരു കരുത്തനായ നേതാവിനെയാണ്. പാർട്ടി സംഘടന ചുമതലകളിലും, ഭരണപരമായ ഉത്തരവാദിത്വങ്ങളിലും കഴിവ് തെളിയിച്ചത് മാത്രമല്ല ഇവിടെ മാനദണ്ഡം. രാഹുൽ ഗാന്ധിയും ഹൈക്കമാൻഡും ആയും നേരിട്ട് ബന്ധമുള്ള വേണുഗോപാലിനെ വെല്ലുവിളിക്കാൻ ഇന്ന് തമ്മിൽ തല്ലുന്ന കോൺഗ്രസ് സംസ്ഥാന നേതൃനിരക്ക് കഴിയില്ല.
നിസ്വാർത്ഥരായ പ്രവർത്തകരുടെ ആഗ്രഹം കേരള ഭരണം തിരികെ പിടിക്കണം എന്ന് മാത്രമാണ്. അതുകൊണ്ടുതന്നെ യഥാർത്ഥ പ്രവർത്തകർക്ക് അദ്ദേഹത്തെ അംഗീകരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങാനും ആവേശമായിരിക്കും. ഇവിടെ പ്രസക്തമായ ചോദ്യം വേണുഗോപാലിനെ കേരളത്തിന് വിട്ടുകൊടുക്കുവാൻ രാഹുൽഗാന്ധിയും ഹൈക്കമാൻഡും തയ്യാറാകുമോ എന്നതാണ്. കാരണം ഡൽഹിയിൽ അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത ചെറുതാവില്ല. പക്ഷേ കേരളം പോലെ നിർണായകമായ ഒരു സംസ്ഥാനത്ത് ഭരണം തിരികെ പിടിക്കണമെങ്കിൽ കോൺഗ്രസിനുള്ള ഏക ഉത്തരം അദ്ദേഹം മാത്രമാണ്.