തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. ഒരു വാര്‍ഡില്‍ നിന്നും 1.5 ലക്ഷം രൂപ പിരിച്ചെടുക്കുക, പ്രാദേശിക തലത്തില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കോണ്‍ഗ്രസ് കടക്കും. ദേശീയ, സംസ്ഥാന തലത്തില്‍ അത്യാവശ്യം നടത്തേണ്ട പരിപാടികളൊഴികെ പാര്‍ട്ടി പരിപാടികള്‍ പ്രാദേശിക തലത്തിലാകും സംഘടിപ്പിക്കുക.
തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പദയാത്ര സംഘടിപ്പിക്കും. ഇതിന് പുറമെ പഞ്ചായത്ത്, നഗരസഭ, ജില്ലാ തലങ്ങളില്‍ പ്രമുഖരെ സംഘടിപ്പിച്ചു വികസന സെമിനാറുകളും സംസ്ഥാനതല വികസന കോണ്‍ഗ്രസും സംഘടിപ്പിക്കും.
തിരഞ്ഞെടുപ്പ് ഫണ്ടും മുന്‍കൂട്ടി പിരിച്ചെടുക്കാനാണ് തീരുമാനം. ഇക്കൊല്ലം നവംബറിലും അടുത്ത വര്‍ഷം ഏപ്രില്‍, സെപ്തംബര്‍ മാസങ്ങളിലുമായി മൂന്ന് ഘട്ടത്തില്‍ 50,000 രൂപ വീതം പിരിക്കും. ലഭിക്കുന്ന പണത്തില്‍ നിന്നും ഒരു വിഹിതം പോലും കെപിസിസി എടുക്കാതെ, ഫണ്ട് സമാഹരിക്കുന്ന പാര്‍ട്ടി കമ്മിറ്റികള്‍ക്കു തന്നെ തിരികെ കൊടുക്കും.
ലഘുലേഖകള്‍ വിതരണം ചെയ്ത് ഒരു പ്രചാരണ പരിപാടി എന്ന രീതിയില്‍ ഓരോ വീടും സന്ദര്‍ശിച്ചാകും ഫണ്ട് സമാഹരണം. ഇങ്ങനെ ശേഖരിക്കുന്ന തുക ജില്ലാതലത്തില്‍ പ്രധാന നേതാക്കളുടെ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ തുക തദ്ദേശതിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ. തിരഞ്ഞെടുപ്പ് പ്രവത്തനങ്ങള്‍ക്ക് പണമില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കരുതെന്ന നിലപാടിലാണ് നേതൃത്വം.