
തേയിലഫാക്ടറിയില്‍ തേയില അരിയുന്ന യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല തോട്ടത്തില്‍ നീലമുത്തുവിന്റെ മകൻ രാജേഷ് (37) ആണ് മരിച്ചത്. പട്ടുമല ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ടീ ഫാക്ടറിയില്‍ യന്ത്രം വൃത്തിയാക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.
പച്ചക്കൊളുന്ത് അരിഞ്ഞ് ചെറുതാക്കുന്ന യന്ത്രമാണിത്. കൃത്യമായ ഇടവേളകളില്‍ ഈ യന്ത്രത്തിന്റെ വശത്തുള്ള വാതില്‍തുറക്കുകയും അടയുകയും ചെയ്യും. യന്ത്രത്തിന്റെ വാതില്‍ തുറക്കുന്ന സമയത്താണ് തൊഴിലാളികള്‍, ഉള്ളില്‍ അടിഞ്ഞിരിക്കുന്ന തേയില തൂത്തുമാറ്റുന്നത്. ഇത്തരത്തില്‍ തേയില തൂത്തുവാരുന്നതിനിടെ വാതില്‍ അടയുകയും രാജേഷിന്റെ തല യന്ത്രത്തിനുള്ളില്‍ കുടുങ്ങുകയുമായിരുന്നു.
തലയ്ക്കുപിന്നില്‍ യന്ത്രഭാഗം ശക്തമായി ഇടിച്ചു. രാജേഷിന്റെ തലയോട്ടി പൊട്ടി.മറ്റ് തൊഴിലാളികള്‍ രാജേഷിനെ പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പീരുമേട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.സുധയാണ് രാജേഷിന്റെ ഭാര്യ. മക്കള്‍: സൗപർണിക, സിദ്ധാർഥ്. സംസ്കാരം ശനിയാഴ്ച പത്തിന് പട്ടുമല പൊതുശ്മശാനത്തില്‍.
സുരക്ഷാ സംവിധാനങ്ങളില്ല: ഫാക്ടറിയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് ഫാക്ടറിയുടെ പ്രവർത്തനങ്ങള്‍ നിർത്തി. 30 ദിവസത്തേക്ക് ഫാക്ടറി അടച്ചിടാൻ സർക്കാർ നിർദേശിച്ചിരിക്കുകയാണ്. തൊഴില്‍വകുപ്പ് ശനിയാഴ്ച ഫാക്ടറിയില്‍ പരിശോധന നടത്തും.
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു: തേയിലഫാക്ടറിയില്‍ യന്ത്രത്തില്‍ തലകുടുങ്ങി തൊഴിലാളി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കളക്ടർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നല്‍കണമെന്ന് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദേശിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി നല്‍കിയ പരാതിയെത്തുടർന്നാണ് നടപടി.