എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ സഹായിമാരെ വനം മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തി സർക്കാർ ശമ്പളം കൊടുക്കുന്നു എന്ന് ആക്ഷേപം. പിസി ചാക്കോയ്ക്ക് ഒപ്പം ജോലിചെയ്യുന്ന രണ്ടു പേർക്ക് ആണ് ഇത്തരത്തിൽ നിയമനം നൽകിയിരിക്കുന്നത്. ശമ്പളം എഴുതിയെടുക്കാൻ വേണ്ടി മാത്രമാണ് ഇവർ വനം മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരുടെ സേവനം ഇപ്പോഴും ലഭ്യമാക്കുന്നത് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയ്ക്ക് തന്നെയാണ്.

സമാനമാണ് കേരള കോൺഗ്രസിലെയും സ്ഥിതി. ജോസ് കെ മാണിയുടെ സഹായിക്ക് ഇപ്പോൾ ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാരാണ്. ഇദ്ദേഹത്തെ തിരുകി കയറ്റിയിരിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിൻറെ പേഴ്സണൽ സ്റ്റാഫിൽ ആണ്. ഇദ്ദേഹം ജോസ് കെ മാണിയുടെ സന്തതസഹചാരിയായി തുടരുമ്പോഴും ശമ്പളം പൊതു ഖജനാവിൽ നിന്നാണ് നൽകുന്നത്. ജോസ് കെ മാണിക്ക് സംസ്ഥാനസർക്കാർ ഔദ്യോഗിക ഗൺമാനെയും അനുവദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സുരക്ഷാഭീഷണി ഒന്നുമില്ലാത്ത മുൻ എംപിക്ക് ഗൺമാനെ അനുവദിച്ചതിലും സർക്കാർ ധൂർത്ത് തന്നെയാണ് വെളിവാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹാമാരിയുടെ കാലത്ത് സാധാരണക്കാർ നട്ടം തിരിയുമ്പോഴും പൊതു പണം ധൂർത്തടിച്ച് സർക്കാർ:

സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും മഹാമാരിയുടെ കാലത്ത് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ സ്വന്തം സഹായികളെ തിരുകിക്കയറ്റി അവർക്ക് സംസ്ഥാന സർക്കാർ ഖജനാവിൽനിന്ന് ശമ്പളം നൽകിക്കൊണ്ട് സ്വന്തം ആവശ്യങ്ങൾക്ക് ഈ നേതാക്കൾ ഉപയോഗിക്കുന്നത്. ഒരു മന്ത്രിക്ക് പേഴ്സണൽ സ്റ്റാഫിൽ നിയമിക്കാവുന്ന ആളുകളുടെ എണ്ണം ആവശ്യത്തിലധികം ആണ് എന്നത് കൃത്യമായി വ്യക്തമാക്കുന്നതാണ് ഈ നടപടികൾ. ആവശ്യത്തിൽ കൂടുതൽ ആളുകളുടെ നിയമനം കടലാസിൽ നടത്തുകയും, ഇവരുടെ സേവനം പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് അഴിമതിക്ക് തുല്യമാണ്. പാവപ്പെട്ടവൻറെ നികുതിപ്പണമാണ് ഇത്തരത്തിൽ നേതാക്കളുടെ സ്വകാര്യ ആവശ്യങ്ങൾക്കുവേണ്ടി ചെലവഴിക്കപ്പെടുന്നത്. ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിൻറെ കാലത്ത് ഇത് നടക്കുന്നത് ഒരു രീതിയിലും നീതീകരിക്കാൻ സാധിക്കുകയില്ല.

ധൂർത്തിന് പുതു മാനങ്ങൾ കണ്ടെത്തുന്നത് സർക്കാർ പെൻഷനും ആനുകൂല്യങ്ങളും പറ്റുന്ന നേതാക്കൾ:

ഇത്തരത്തിൽ ധൂർത്തിനെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കൾ മുൻപ് തങ്ങൾ വഹിച്ചിരുന്ന പാർലമെൻററി സ്ഥാനങ്ങളുടെ പേരിൽ ഇപ്പോഴും സർക്കാരിൽനിന്ന് പെൻഷനും ആനുകൂല്യങ്ങളും പറ്റുന്ന ആളുകളാണ് എന്നതും ഏറെ സങ്കടകരമാണ്. മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫിനെ അനുവദിക്കുന്നത് അവരുടെ കൃത്യനിർവഹണത്തിന് ആണ്. കൃത്യനിർവഹണത്തിന് ആവശ്യമുള്ളതിൽ കൂടുതൽ ആളുകളെ തിരുകിക്കയറ്റി നേതാക്കൾക്ക് വിടുപണി ചെയ്യുവാൻ വിട്ടുനിൽക്കുന്നത് സത്യപ്രതിജ്ഞാ ലംഘനവുമാണ് ഭരണഘടനാ ലംഘനവുമാണ്. പാർട്ടി നേതാക്കൾക്ക് സഹായികളെ ആവശ്യമുണ്ടെങ്കിൽ അവരുടെ ശമ്പളം പാർട്ടി ഫണ്ടിൽ നിന്നും നൽകാനുള്ള മാന്യത രാഷ്ട്രീയ നേതാക്കൾ പുലർത്തണം. രാഷ്ട്രീയ പാർട്ടികളിൽ മറിയുന്ന കോടികൾ വേണ്ടല്ലോ സഹായികള്ക്ക് ശമ്പളം നൽകുവാൻ. എന്നിട്ടും പാവപ്പെട്ടവരുടെ നികുതിപ്പണം ഇതിനുവേണ്ടി കയ്യിട്ടുവാരുന്നത് ഖേദകരമാണ്.

പണം കണ്ടെത്തുന്നത് സാധാരണക്കാരെ പെറ്റി അടിച്ച്:

സർക്കാർ ഖജനാവ് നിറയ്ക്കുവാൻ സംസ്ഥാന പോലീസ് നാടെങ്ങും ഓടിനടന്ന്, പശുവിനു പുല്ലരിയാൻ പോകുന്നവരിൽ നിന്നും, ആശുപത്രിയിൽ പോകുന്ന സാധാരണക്കാരിൽ നിന്നും, വ്യാപാരികളിൽ നിന്നും എല്ലാം ആയിരങ്ങളാണ് പെറ്റി ആയി ഈടാക്കുന്നത്. ഈ പണം വിനിയോഗിക്കുന്നത് ആകട്ടെ ഇത്തരത്തിൽ ഇഷ്ടക്കാർക്ക് വേണ്ടി ധൂർത്തടിച്ചും. ഇതിനെതിരെ ഉയരേണ്ടത് ജനകീയ ശബ്ദമാണ്. ഇല്ലെങ്കിൽ ഈ ധൂർത്ത് ഇനിയും തുടരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക