
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. യുഡിഎഫ് യോഗത്തില്‍ സംസാരിക്കാൻ വിളിച്ചില്ലെന്നതാണ് കാരണം. യുഡിഎഫ് ഘടക കക്ഷി നേതാക്കളെല്ലാം യോഗത്തില്‍ സംസാരിച്ചെങ്കിലും രമേശ് ചെന്നിത്തലയെ സംസാരിക്കാൻ ക്ഷണിച്ചില്ല. ഇതില്‍ കുപിതനായ അദ്ദേഹം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെ മടങ്ങി.
പാർട്ടിക്കുള്ളിൽ വി ഡി സതീശൻ രമേശ് ചെന്നിത്തല ശീതയുദ്ധം ശക്തി പ്രാപിക്കുകയാണ് എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നേതാവാണ് രമേശ് ചെന്നിത്തല. അതുകൊണ്ടുതന്നെ മുന്നണി യോഗങ്ങളിൽ വലിയ പ്രാമുഖ്യം അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഇത് ലഭിക്കാത്തതാണ് രമേശിനെ പ്രകോപിപ്പിച്ചത് എന്നുവേണം അനുമാനിക്കാൻ.
ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ പുതിയ ഘടക കക്ഷിയായി കേരള പ്രവാസി അസോസിയേഷനെ അംഗീകരിച്ചിരുന്നു. മൂന്ന് വർഷം മുൻപാണ് സംഘടന രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തത്. രാജേന്ദ്രൻ വെള്ളപ്പാലത്ത് ആണ് പാര്‍ട്ടിയുടെ ചെയർമാൻ. പാര്‍ട്ടി നേതാക്കളെ ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.