പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തില്‍ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കി. കോണ്‍ഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ തീരുമാനം. ഈ മാസം 26 നാണ് ലോക്സഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടൈം സ്പീക്കറാണ്.
പതിനെട്ടാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഭർതൃഹരി മഹ്താബ് മേല്‍നോട്ടം വഹിക്കും. ബിജെഡിയില്‍ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മഹ്താബ് ഏഴാം തവണയാണ് എംപിയാകുന്നത്. ബിഹാറിലെ കട്ടക്കില്‍ നിന്നുള്ള എംപിയാണ്. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷാണ് നിലവില്‍ ലോക്‌സഭയിലെ മുതിർന്ന അംഗം.
അതിനിടെ ഭർതൃഹരിയെ പ്രോടേം സ്പീക്കറാക്കിയിതിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. കീഴ്വഴക്കം ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷാണ് പ്രോടേം സ്പീക്കറാകേണ്ടിയിരുന്നത്. എട്ട് തവണ എംപിയായ ബിജെപി എംപി വീരേന്ദ്ര കുമാർ മന്ത്രിയായിനാല്‍ കൊടിക്കുന്നിലായിരുന്നു ചുമതല കിട്ടേണ്ടതെന്ന് പറഞ്ഞ അദ്ദേഹം പകരം ഏഴ് തവണ എംപിയായ ഭർതൃഹരിയെ പ്രോടേം സ്പീക്കറാക്കിയെന്നും വിമർശിച്ചു.
ദളിത് വിഭാഗത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് ഭർതൃഹരിയെ നിയമിക്കുന്നതെന്ന് മാണിക്യം ടാഗോർ എംപിയും കുറ്റപ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷ്, ടിആർ ബാലു തുടങ്ങിയവരെ പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ച കിരണ്‍ റിജിജുവിനെ വിമർശിച്ചാണ് പ്രതികരണം. കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയത് എന്തിനെന്ന് സർക്കാർ വിശദീകരിക്കണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. പാർശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ് 8 തവണ എംപിയായെന്നത് കോണ്‍ഗ്രസിന് അഭിമാനമാണെന്നും അദ്ദേഹം എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.