രണ്ടാം ബാർകോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. നേരിട്ട് കൈപ്പറ്റാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇ- മെയില്‍ വഴിയാണ് നോട്ടീസ് അയച്ചത്. വെള്ളിയാഴ്ച ജവഹർനഗറിലെ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം.
വിവാദ ശബ്ദരേഖ വന്ന ബാർ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അർജുൻ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അർജുൻ നിലവില്‍ ഗ്രൂപ്പ് അഡ്മിൻ അല്ലെങ്കിലും ഇപ്പോഴും അംഗമാണ്. അർജുൻ രാധാകൃഷ്ണന്റെ ഭാര്യാപിതാവിന് ബാറുണ്ട്. ഇതിന്റെ പേരിലാണ് അർജുൻ ഗ്രൂപ്പംഗവും അഡ്മിനുമായത്.
തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നല്‍കാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കൈപ്പറ്റാൻ അർജുൻ കൂട്ടാക്കിയില്ല. തന്റെ പേരില്‍ ബാറുകളില്ലെന്നും നടത്തിപ്പില്ലെന്നും പറഞ്ഞാണ് അർജുൻ നോട്ടീസ് കൈപ്പറ്റാൻ വിസ്സമതിച്ചത്. എന്നാല്‍, വാട്‌സാപ്പ് ഗ്രൂപ്പില്‍ അർജുൻ തുടരുന്നതിനാലാണ് നോട്ടീസ് നല്‍കിയത്.
വിവിധ ബാർ ഉടമകളുടെ മൊഴിയെടുത്തപ്പോഴും വാട്‌സാപ്പ് പരിശോധിച്ചപ്പോഴുമാണ് അർജുൻ ഗ്രൂപ്പംഗമാണെന്ന് മനസിലായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. ശബ്ദരേഖ ചോർന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എന്നാൽ കോഴ ഇടപാടിനെ കുറിച്ച് അന്വേഷിക്കാതെ, കോഴ നൽകണമെന്ന് ആവശ്യപ്പെടുന്ന ശബ്ദരേഖ ചോർന്നതിനെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത് എന്നതും വിരോധാഭാസമാണ്. മന്ത്രിമാരെയും സർക്കാരിനെയും വെള്ളപൂശാനും, രാഷ്ട്രീയ ഗൂഢാലോചന ആരോപണത്തിന്റെ പിന്നിലുണ്ട് എന്ന് വരുത്തി തീർക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് അർജുൻ രാധാകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള തീരുമാനം.