ആസ്ട്രേലിയയില്‍ കണ്ണൂർ സ്വദേശിനിയുള്‍പ്പെടെ രണ്ടുപേർ കടലില്‍ വീണ് മരിച്ചു. കണ്ണൂർ എടക്കാട് ഹിബയില്‍ മർവ ഹാഷിം (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ നീന്തി രക്ഷപെട്ടു. മരിച്ച രണ്ടാമത്തെയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ‘ബ്ലാക്ക് സ്പോട്ട്’ എന്നറിയപ്പെടുന്ന ഈ പ്രദേശത്താണ് അപകടമുണ്ടായത്.
ഓസ്ട്രേലിയൻ സർക്കാർ വകുപ്പില്‍ ഉദ്യോഗസ്ഥയായ മർവ അവധിയാഘോഷിക്കാനായാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി കടല്‍ക്കരയില്‍ എത്തിയത്. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിക്കുകയും മൂന്നുപേർ പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ കടലില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാസർകോട് തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീനാണ് മർവയുടെ ഭർത്താവ്. 10 വർഷത്തോളമായി കുടുംബം ഓസ്ട്രേലിയയിലാണ്. ഒരുവർഷം മുൻപ് ബന്ധുവിൻറെ കല്യാണച്ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടില്‍ വന്നിരുന്നു. പിതാവ്: കെ.എം.സി.സി. സ്ഥാപക നേതാവ് സി.ഹാഷിം. മാതാവ്: കണ്ണൂർ കോർപ്പറേഷൻ ഏഴര ഡിവിഷൻ കൗണ്‍സിലർ ഫിറോസ ഹാഷിം. മക്കള്‍: ഹംദാൻ, സല്‍മാൻ, വഫ. സഹോദരങ്ങള്‍: ഹുദ (കാനഡ), ഹിബ (ഷാർജ), ആദി (എടക്കാട്).