![](https://keralaspeaks.news/wp-content/uploads/2024/06/n6162361601718078502656316a25957b1bfbfa3bd648d0c90b1954b6bb25bb1b7a6416af399afbf56594b12-780x470.jpg)
നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ആയ ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനെ കോൺഗ്രസിലെ ഒരുവിഭാഗം കാലുവാരി എന്ന് സംശയമുയരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിൻെറ വോട്ട് കണക്ക് പുറത്തുവന്നപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ പോലും ചർച്ച ഇതുതന്നെയാണ്.ചെന്നിത്തല 13 വർഷമായി പ്രതിനിധീകരിക്കുന്ന ഹരിപ്പാട് കെ.സി.വേണുഗോപാലിന് ലഭിച്ച ഭൂരിപക്ഷം വെറും 1345 വോട്ട് മാത്രമാണ്. ഇതാണ് കെ.സി വേണുഗോപാലിനെ കാലുവാരാൻ ചെന്നിത്തലയും അദ്ദേഹത്തിന്റ ഗ്രൂപ്പും ശ്രമിച്ചോയെന്ന സംശയം ഉയരാൻ കാരണം.
ഹരിപ്പാട് നിയമസഭാ മണ്ഡലത്തിലെ 182 ബൂത്തുകളില്‍ 89 ബൂത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ് ലീഡ് ചെയ്തത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ കരുത്തിലാണ് കെ.സി.വേണുഗോപാല്‍ കഷ്ടിച്ച് 1345 വോട്ടിൻെറ ഭൂരിപക്ഷം നേടിയത്. തൊട്ടുപിന്നില്‍ രണ്ടാമതെത്തിയത് ശോഭാ സുരേന്ദ്രനും. ഈ പഞ്ചായത്തുകള്‍ തുണച്ചില്ലായിരുന്നുവെങ്കില്‍ കെ.സി.വേണുഗോപാല്‍ ഹരിപ്പാട് ബി.ജെ.പിക്ക് പിന്നില്‍ ആകുമായിരുന്നു.
കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഹരിപ്പാട് മണ്ഡലത്തില്‍ 500ഓളം വോട്ടുകള്‍ക്ക് ശോഭാ സുരേന്ദ്രനായിരുന്നു മുന്നില്‍. നായർ ഭൂരിപക്ഷ മേഖലയാണ് ഹരിപ്പാട് മുൻസിപ്പാലിറ്റി. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രമേശ് ചെന്നിത്തലയ്ക്ക് വൻഭൂരിപക്ഷം നേടിക്കൊടുക്കുന്ന മേഖലയാണിത്. എന്നിട്ടും ഈ പ്രദേശത്ത് കെ.സി.വേണുഗോപാല്‍ പിന്നില്‍ പോയി.
മുതിർന്ന നേതാക്കളുടെ ബൂത്തിൽ അടക്കം പിന്നിൽ
രമേശ് ചെന്നിത്തലയ്ക്ക് വോട്ടുളള ബൂത്തിലും കെ.സി.വേണുഗോപാല്‍ പിന്നിലാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ബി. ബാബുപ്രസാദിൻെറ പഞ്ചായത്തായ മുതുകുളത്തും ബി.ജെ.പിക്കാണ് ലീഡ്. എന്നാല്‍ ഹരിപ്പാട് മണ്ഡലത്തിലെ വോട്ടറായ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജുവിൻെറ ബൂത്തില്‍ 20 വോട്ടുകള്‍ക്ക് കെ.സി.വേണുഗോപാല്‍ ലീഡ് ചെയ്തു. ഹരിപ്പാട് മുൻസിപ്പാലിറ്റിയോട് ചേർന്നാണ് എം.ലിജു താമസിക്കുന്നതെങ്കിലും ആ പ്രദേശം ചെറുതന പഞ്ചായത്തിലാണ്.
പ്രതീക്ഷിച്ചിരുന്നത് 10000 മുതൽ 15,000 വരെ ഭൂരിപക്ഷം, ലഭിച്ചത് 1345 മാത്രം
10000 മുതല്‍ 15000 വോട്ടിൻെറ ഭൂരിപക്ഷം ആണ് യു.ഡി.എഫ് ഹരിപ്പാട് പ്രതീക്ഷിച്ചത്. പക്ഷേ ലഭിച്ചത് വെറും 1345 വോട്ട് മാത്രമായിരുന്നു. 2019ല്‍ ഷാനിമോള്‍ ഉസ്മാൻ നേടിയ ഭൂരിപക്ഷത്തേക്കാള്‍ 12979 വോട്ടിൻെറ കുറവാണ് കെ.സി.വേണുഗോപാലിന് ഇത്തവണ ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് ക്ഷീണിച്ചപ്പോള്‍ മണ്ഡലത്തില്‍ നേട്ടം കൊയ്തത് ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ്. കെ.സി. വേണു ഗോപാലിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയ ശോഭാ സുരേന്ദ്രൻ ബി.ജെ.പിയുടെ വോട്ട് വിഹിതം 2019ൻെറ ഇരട്ടിക്ക് അടുത്ത് എത്തിച്ചു.
2019ല്‍ 26238 വോട്ട് നേടിയ ബി.ജെ.പിയുടെ ഇപ്പോഴത്തെ വോട്ട് വിഹിതം 47421. 48466 വോട്ടാണ് കെ.സി വേണുഗോപാലിൻെറ ഹരിപ്പാട്ടെ നേട്ടം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലക്ക് ഹരിപ്പാട് നിന്ന് കിട്ടിയത് 72768 വോട്ടാണ്.അതിനേക്കാള്‍ 24302 വോട്ട് കുറവാണ് കെ.സി.വേണുഗോപാലിന് ഇത്തവണകിട്ടിയത്.
അതായത് ശക്തമായ ഇടത് തരംഗം നിലനിന്ന കാലത്ത് രമേശ് ചെന്നിത്തലയ്ക്ക് നിയമസഭയിലേക്ക് കിട്ടിയതിനെ അപേക്ഷിച്ച് 66% വോട്ട് മാത്രമാണ് യുഡിഎഫ് അനുകൂല കാറ്റ് വീശിയ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെസി വേണുഗോപാലിന് ലഭിച്ചത്. ഇതാണ് കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് വോട്ട്ചോർച്ച ഉണ്ടായെന്ന സംശയം ശക്തമാകാൻ കാരണം. വരും ദിവസങ്ങളില്‍ ആലപ്പുഴ ഡിസിസിയും ഹരിപ്പാട് ബ്ലോക്ക് കമ്മറ്റികളും ഇതിന് ഉത്തരം പറയേണ്ടി വരും.