കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ ഭർത്താവിന് എതിരായ പരാതിയില്‍ നിന്ന് പിന്മാറിയ യുവതി വീണ്ടും വീഡിയോയുമായി എത്തി. യുവതിയുടെ വീട്ടുകാർ കാണാനില്ലെന്ന് കാട്ടി വടക്കേക്കര പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി താൻ സുരക്ഷിതയാണെന്നും ആരും തട്ടിക്കൊണ്ടുപോയത് അല്ലെന്നും ആരുടെയും ഭീഷണിപ്രകാരമല്ല താൻ വീഡിയോ ഇറക്കിയതെന്നും കാട്ടി രംഗത്തെത്തിയത്. അതേസമയം, തനിക്ക് വീട്ടില്‍ നിന്ന് വധഭീഷണി വരെ ഉണ്ടായെന്നും യുവതി ആരോപിക്കുന്നുണ്ട്.
യുവതിയുടെ വാക്കുകള്‍ ഇങ്ങനെ:
‘ഞാൻ സേഫാണ്, എന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടൊന്നുമില്ല. ആരുടെയും ഭീഷണിപ്രകാരമല്ല ഞാൻ ആ വീഡിയോ റിലീസ് ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരമാണ്. ഒരു സമാധാനം കിട്ടുന്നില്ല. എല്ലാവരുടെയും സമ്മർദ്ദത്തില്‍ നിന്ന് കുറച്ചുദിവസം മാറി നില്‍ക്കാൻ തോന്നി. ഇനിയെങ്കിലും… എനിക്കറിയാം, ലേറ്റ് ആയി പോയെന്ന്. സത്യമെന്താണെന്ന് തുറന്നുപറയണമെന്ന് തോന്നി.
അതുകൊണ്ടാണ് മാറി നിന്ന് വീഡിയോ ചെയ്തത്. എന്റെ വീട്ടില്‍ നിന്നുകൊണ്ട് എനിക്ക് സത്യം തുറന്നുപറഞ്ഞ് വീഡിയോ ഇറക്കാനുള്ള സാഹചര്യം ഉണ്ടാവില്ല. കാരണം എനിക്കൊരു വധഭീഷണി പൊലും ഉണ്ടായതാണ്. നല്ല പ്രഷറ് കൊണ്ടാണ് എനിക്ക് വീട്ടില്‍ നില്‍ക്കാൻ പറ്റാത്തത്. രഹസ്യമൊഴി കൊടുക്കുന്നതിന്റെ അന്ന് പോലും സത്യം തുറന്നുപറയണമെന്നേ ആഗ്രഹിച്ചുള്ളു. പക്ഷേ ഏതെങ്കിലും ഒരുഘട്ടത്തില്‍ വച്ച് ഞാൻ സത്യം തുറന്നുപറഞ്ഞാലോ എന്ന് പേടിച്ചിട്ടാണ്, ആ രഹസ്യമൊഴിയുടെ അറേഞ്ച്‌മെന്റ്‌സും കാര്യങ്ങളും പോലും ഉണ്ടായത്. അതിന്റെ തലേന്ന് പോലും വീട്ടുകാരോട് പറഞ്ഞു, ലാസ്റ്റ് മൊഴിയില്‍ ഞാൻ സത്യം മാത്രമേ പറയുകയുള്ളുവെന്ന്.
പക്ഷേ അന്ന് രാത്രി സംഭവിച്ചത് എന്തെന്ന് വച്ചാല്‍, എന്റെ വീട്ടിലെ അച്ഛന്റെ സൈഡീന്ന് സ്യൂയിസൈഡ് പ്രവണത എനിക്ക് കാണേണ്ടി വന്നു. സത്യമായിട്ടും പേടിച്ചു അച്ഛൻ എന്തെങ്കിലും ചെയ്തുകളയുമെന്ന്. അതുകൊണ്ടാണ് ആ സ്‌റ്റേജില്‍ പോലും സത്യം തുറന്നുപറയാൻ കഴിയാതിരുന്നത്. അന്ന് രാത്രി വീട്ടില്‍ വന്ന വക്കീലിനോട് ഞാൻ സത്യം തുറന്നുപറഞ്ഞു. അവര് പോലും പറഞ്ഞത് സത്യം തുറന്നുപറഞ്ഞാല്‍ ബുദ്ധിമുട്ടായിരിക്കും, അത് പറയരുത് എന്നാണ്. അതുകൊണ്ടാണ് ആ സമയത്ത് പോലും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ സത്യം തുറന്നുപറയാൻ പറ്റാതിരുന്നത്.
സത്യം തുറന്നുപറയാൻ ആരും കൂടെയുണ്ടായില്ല, സഹായിച്ചില്ല. അതുകൊണ്ടാണ് ഒറ്റയ്ക്ക് മാറി നിന്ന് വീഡിയോ ചെയ്യണമെന്ന് എനിക്ക് തോന്നിയത്. കഴിഞ്ഞാഴ്ച ഞാൻ എസിപിയെ വിളിച്ചായിരുന്നു. സാറിനോടും ഞാൻ സത്യം തുറന്നുപറഞ്ഞു. സാറിനോട് എങ്കിലും സത്യം തുറന്നുപറയണമെന്ന് തോന്നി. പക്ഷേ, ഈ കേസ് കാരണം, രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ കൊടുത്ത കേസാണ്, അങ്ങനെ വന്നപ്പോള്‍ പുള്ളിക്ക് ഇതില്‍ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. വേറൊരു നിവൃത്തിയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മാറി നിന്ന് വീഡിയോ ചെയ്യുന്നത്. ‘
യുവതിയെ കാണാനില്ലെന്ന് അച്ഛന്റെ പരാതി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ മർദ്ദനമേറ്റ നവവധുവിനെ കാണാനില്ലെന്ന് അച്ഛന്റെ പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറി. വടക്കേക്കര പൊലീസ് എടുത്ത കേസ് തിരുവനന്തപുരം കഴക്കൂട്ടം പൊലീസിന് കൈമാറും. പെണ്‍കുട്ടിയെ കാണാതായത് കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നായതിനാലാണ് ഇത്.
തിങ്കളാഴ്ച ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ മകള്‍ അവിടെ എത്തിയില്ലെന്നാണ് ഇന്ന് അച്ഛൻ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ട് യുവതി യൂട്യൂബില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെയായിരുന്നു അച്ഛൻ പരാതിയുമായി എത്തിയത്. മകളെ ഫോണിലും കിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മകളെ ഭർത്താവ് രാഹുല്‍ മർദ്ദിച്ചെന്നും അതിന് തെളിവുണ്ടെന്നും പറഞ്ഞ അച്ഛൻ ബെല്‍റ്റ് കൊണ്ട് അടിച്ച കാര്യം ഡോക്ടർ സാക്ഷ്യപ്പെടുത്തിയതാണെന്നും പറഞ്ഞിരുന്നു. ഫോറൻസിക് തെളിവുണ്ടെന്നും അച്ഛൻ പറഞ്ഞിരുന്നു. പുതിയ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ലെന്ന് യുവതിയുടെ വീട്ടുകാർ അറിയിച്ചു.
അടുത്താഴ്ച കുറ്റപത്രം: അതേസമയം കേസില്‍ അന്വേഷണം പൂർത്തിയാക്കി അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. യുവതിയുടെ രഹസ്യമൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയ കേസാണ് ഇത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരാതിക്കാരിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും അന്വേഷണസംഘം അറിയിച്ചു