കെ എ സ്‍യു സംസ്ഥാന പ്രസിഡന്‍റിന്‍റെ നിലപാടുകള്‍ക്കെതിരെ കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചെന്ന് റിപ്പോർട്ടുകൾ. തന്നെ അപമാനിക്കുന്ന നിലപാട് അലോഷ്യസ് സേവിയറില്‍ നിന്നുണ്ടായി എന്നാണ് പരാതി. കടുത്ത അച്ചടക്ക നടപടി വേണമെന്ന നിലപാടില്‍ അയവുവരുത്താതെ, കെ എസ് യു പ്രസിഡന്‍റിനെ ഉന്നംവച്ചാണ് കെ പി സി സി അധ്യക്ഷന്‍റെ നീക്കം.
നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാംപിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണെന്ന് കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. സ്വതന്ത്ര സംഘടനയെന്ന നിലയിലാണ് കെ എസ് യു പ്രവര്‍ത്തിക്കുന്നത്. നാലുപേര്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി പോലും നീതിയുക്തമല്ലെന്നും പരാതിപറഞ്ഞു. അതേസമയം കെ പി സി സി അന്വേഷണ സമിതിയുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ വേണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നടപടിയെടുക്കേണ്ട നേതാക്കളുടെ പട്ടികസഹിതമാവും എം എം നസീറിന്‍റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് നല്‍കുക. അലോഷ്യസ് സേവ്യര്‍ പ്രതികാരപൂര്‍വം പെരുമാറിയെന്ന് സസ്പെന്‍ഷനിലായ സുധാകര പക്ഷക്കാരനായ കെ എസ് യു സംസ്ഥാന ജനറല്‍സെക്രട്ടറിയടക്കമുള്ളവർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കെ പി സി സി അന്വേഷണ സമിതിയുടെ വിശദമായ റിപ്പോര്‍ട്ടിന്‍റെ പ്രസക്തി വർധിക്കും.