ചെന്നൈ: രാജ്യമെമ്പാടും കൊവിഡിനെതിരെ പോരടിക്കുമ്പോള്‍ ജീവശ്വാസം കിട്ടാതെ മരിക്കുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ദില്ലിയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ആദ്യം ലഭിച്ചതെങ്കില്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ 11 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമം നേരിട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അതേസമയം കർണാടകയിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികൾ ഓക്സിജൻ അഭ്യർത്ഥന പുറത്തിറക്കിയതിനെ തുടർന്നാണ് പലയിടത്തും ഓക്സിജൻ സ്റ്റോക്കെത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ശക്തമായി വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തുടർന്ന് ആരോഗ്യമന്ത്രി രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2