ലഡാക് : വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകാതെ ചൈന എതിര്‍ത്തു തന്നെ . 35,000 സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഇന്ത്യ. ഇതോടെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇരു സൈന്യങ്ങളും വന്‍ പടയൊരുക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. യുദ്ധ ടാങ്കുകളും, തോക്കുകളും അതിര്‍ത്തിയ്ക്ക് അടുത്തേക്ക് നീക്കി. കരസേനാമേധാവി ജനറല്‍ എം.എം നരവനെ തയ്യാറെടുപ്പ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനോട് വിശദീകരിച്ചു.
read also : ചൈനയുടെ ഭീഷണി നേരിടാന്‍ ഇന്ത്യയ്‌ക്കൊപ്പം അമേരിക്കന്‍ സൈന്യവും
ഇന്ത്യ സ്ഥിരമായി പട്രോളിംഗ് നടത്തിയിരുന്ന മേഖലയില്‍ പട്രോളിംഗ് തടസപ്പെടുത്തിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്നാണ് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ച് നല്‍കുന്ന വിശദീകരണം. ചൈനയും അതിര്‍ത്തിയില്‍ സൈനികസന്നാഹം ശക്തമാക്കുകയാണ്. കിഴക്കന്‍ ലഡാക്കില്‍ മെയ് ആദ്യവാരം മുതല്‍ തന്നെ ഇത്തരത്തില്‍ വലിയ സൈനികസന്നാഹം ചൈന തുടങ്ങിയിരുന്നെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കില്‍ കര-വ്യോമ സേനകള്‍ സംയുക്ത സേനാഭ്യാസം നടത്തി.
സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റര്‍, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍, ചരക്ക് വിമാനങ്ങള്‍ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും, ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാര്‍ഗം അതിര്‍ത്തി മേഖലകളില്‍ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണ് നടത്തിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായുള്ള സേനാഭ്യാസം.
ഇരുസൈന്യങ്ങളുടെയും പിന്‍മാറ്റത്തിനുള്ള ധാരണ നടപ്പാകാന്‍ സമയം എടുക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 2022-ഓടെ ഇന്ത്യ ചൈനയുമായുള്ള അതിര്‍ത്തിയില്‍ 42 പുതിയ തന്ത്രപ്രധാനറോഡുകളാണ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ 72 പ്രധാനറോഡുകളാണ് കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 28 എണ്ണം ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 33 എണ്ണം നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവയുടെ നിര്‍മാണം ആദ്യഘട്ടത്തിലാണെന്നാണ് വിവരം.
Source: 24news

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2