റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ്, ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, ഹോള്‍സെയില്‍, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിങ് ബിസിനസുകള്‍ ഏറ്റെടുത്തു. 24,713 കോടി രൂപയ്ക്കാണു വാങ്ങിയത്.

രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ബിഗ് ബസാര്‍, വസ്ത്രവ്യാപാര ശൃംഖല ബ്രാന്‍ഡ് ഫാക്ടറി, ഭക്ഷ്യശാല ശ്യംഖല ഫുഡ്ഹാള്‍ എന്നിവ അടക്കം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വിവിധ വ്യാപാരസ്ഥാപനങ്ങളാണു റിലയന്‍സ് റീട്ടെയിലിന്റെ ഭാഗമാകുക. ജിയോ മാര്‍ട്ട് എന്ന ബ്രാന്‍റിലൂടെ ഇന്ത്യന്‍ ചെറുകിട വ്യാപര രംഗത്തേക്ക് ചുവടുവയ്ക്കുന്ന റിലയന്‍സിന്‍റെ ഏറ്റവും വലിയ നീക്കമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കല്‍.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ പ്രശസ്തമായ ബ്രാന്‍റുകളെ സ്വന്തമാക്കാന്‍ സാധിക്കുന്നത് ആഹ്ലാദകരമായ കാര്യമാണ് എന്നാണ് റിലയന്‍സ് റീട്ടെയില്‍ ഡയറക്ടര്‍ ഇഷ അംബാനി പ്രതികരിച്ചത്.

ഫ്യൂച്ചറിന്റെ കടബാധ്യതകള്‍ റിലയന്‍സ് അടച്ചുതീര്‍ക്കും. ബാക്കിത്തുക ഫ്യൂച്ചര്‍ ഗ്രൂപ്പ് ഉടമ കിഷോര്‍ ബിയാനിക്കു പണമായി നല്‍കും. ഈ പദ്ധതിയുടെ ഭാഗമായി ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചില്ലറ, മൊത്തവ്യാപാര സംരംഭങ്ങളെല്ലാം റിയലന്‍സ് റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ ലൈഫ് സ്റ്റൈല്‍ ലിമിറ്റഡില്‍ ലയിക്കും. ലോജിസ്റ്റിക്സ്, വെയര്‍ഹൗസിങ് സംരംഭങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ് ഏറ്റെടുക്കും.

കോവിഡിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയില്‍പ്പെട്ടതോടെയാണു 3 ദശകം കൊണ്ട് കിഷോര്‍ ബിയാനി കെട്ടിപ്പടുത്ത ബിഗ് ബസാര്‍ അടക്കം വ്യാപാര സ്ഥാപനങ്ങള്‍ റിലയന്‍സിനു കൈമാറാന്‍ തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2