വിസ്മയയുടെ മരണം ഉണ്ടാക്കി നടുക്കം പതിവില്ലാത്ത വിധം ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ ലോകം. ഇപ്പോഴിതാ വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച്‌ വെളിപ്പെടുത്തി നടന്‍ കാളിദാസ്. വളരെ വേദനയോടെയാണ് താരം ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

‘പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്!’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താന്‍ അതീവ ദുഃഖിതനാണെന്നും സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് അറിയിച്ചു. സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്.

സോഷ്യല്‍ മീഡിയില്‍ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുടെ പെണ്‍കുട്ടികളെ കൈപിടിച്ച്‌ ജീവിതത്തില്‍ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.

വിസ്മയയുടെ കോളജിലെ സുഹൃത്തായ അരുണിമയാണ് ഈ കത്തിനു പിന്നിലെ കാര്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുന്നത്. കോളജില്‍ പ്രണയദിനത്തില്‍ നടത്തിയ പ്രണയലേഖന മത്സരത്തില്‍ പങ്കെടുത്തതും കാളിദാസിനായി വിസ്മയ കത്ത് എഴുതിയ കാര്യങ്ങളുമാണ് അരുണിമ പറയുന്നത്. അന്ന് ആ കത്ത് അരുണിമ ഫെയ്സ്ബുക്കില്‍ പങ്കുവച്ചെങ്കിലും ആരും ശ്രദ്ധിച്ചുമില്ല, വൈറലായതുമില്ല.

പക്ഷേ ഇന്ന് വീണ്ടും തന്റെ പ്രിയകൂട്ടുകാരിയുടെ ഓര്‍മയ്ക്കായി ആ പ്രണയ ലേഖനം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചപ്പോള്‍, അത് കാളിദാസ് ജയറാമിന്റെ അടുത്തെത്തി. ആ കത്ത് കാളിദാസ് സ്വീകരിച്ചപ്പോള്‍ ആ വിവരം കേള്‍ക്കാനായി വിസ്മയ മാത്രം ഈ ലോകത്തില്‍ ഇല്ലായിരുന്നു.

വിസ്മയയുടെ സുഹൃത്ത് അരുണിമയുടെ വാക്കുകള്‍: രണ്ട് വര്‍ഷം മുന്നേയുള്ള വാലന്റൈന്‍സ് ഡേ കോളജില്‍ പ്രണയലേഖന മത്സരം നടക്കുന്നു , അന്നവളും എഴുതി ഒരു പ്രണയലേഖനം ,ഒരു തമാശയ്ക്ക്…..,അവളുടെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്…എന്നിട്ട് എല്ലാരോടും ഷെയര്‍ ചെയ്യാന്‍ പറയ്,അങ്ങനെ എല്ലാരും ഷെയര്‍ ചെയുന്നു…. പോസ്റ്റ് വൈറല്‍ ആവുന്നു….., കാളി ഇത് കാണുന്നു…. എന്നെ കോള്‍ ചെയുന്നു….., ഞങ്ങള്‍ സെല്‍ഫി എടുക്കുന്നു…. അവളുടെ ഓരോ വട്ട് ആഗ്രഹങ്ങള്‍, അന്ന് ഞാനാ ലവ് ലൈറ്റര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആരും ഷെയര്‍ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷെയര്‍ ചെയ്യുന്നില്ലന്ന് മനസിലായപ്പോള്‍…. അവള്‍ കുറെ ചിരിച്ചു.

ഇന്നിപ്പോള്‍ നവമാധ്യമങ്ങള്‍ മുഴുവന്‍ അവളെ പറ്റി എഴുതുന്നു…അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ…. അവള്‍ ആഗ്രഹിച്ച പോലെ വൈറല്‍ ആയി. കഴിഞ്ഞ 6 വര്‍ഷം കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങള്‍ക്ക് അറിയാം. അവള്‍ ആത്മഹത്യ ചെയ്യില്ല. ഇനിയിപ്പോ ചെയ്തിട്ടുണ്ടേല്‍ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നില്‍ ഉള്ളവരെല്ലാം നിയമത്തിനു മുന്നില്‍ വരണം ശിക്ഷിക്കപെടണം.’

കാളിദാസന്റെ വാക്കുകള്‍: ‘ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. സ്ത്രീധനത്തിന്റെ അപകടത്തെക്കുറിച്ചും അതു ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും നമ്മുടെ ആളുകള്‍ ഇപ്പോഴും ശ്രദ്ധിക്കുന്നില്ല എന്നത് ഖേദകരമാണ്. സമാനമായ ദുരന്തങ്ങളുടെ പട്ടികയില്‍ ഇനിയും എത്ര പേരുകള്‍ ചേര്‍ക്കേണ്ടിവരുമെന്നതിനെക്കുറിച്ച്‌ ആശങ്ക നിലനില്‍ക്കുന്നു. വിഷലിപ്തമായ ഒരു സ്ഥലത്ത് നിന്ന് പുറത്തുകടക്കുന്നത് ഒരിക്കലും സ്വാഗതാര്‍ഹമല്ലാത്തത് എന്തുകൊണ്ടാണ്, അതിലൂടെ കടന്നുപോകുന്നവരുടെ മേല്‍ സാമൂഹ്യ കളങ്കം എല്ലായ്പ്പോഴും അടിച്ചേല്‍പ്പിക്കുന്നത് എന്തുകൊണ്ടാണ്? ‘

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക