ന്യൂഡല്‍ഹി : കേരള ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി , കോടതിയെ സമീപിച്ചിരിക്കുന്നത് ‘ശക്തി’ ആരാധനാരീതി പിന്തുടരുന്നവര്‍. തങ്ങള്‍ പിന്തുടരുന്ന ശക്തി ആരാധനാക്രമത്തിലെ ‘പ്രമാണ’ പ്രകാരം ദൈവത്തെ പ്രീതിപ്പെടുത്താന്‍ മൃഗബലി നടത്തുന്നത് ഒഴിച്ചുകൂടാനാവാത്ത ആചാരമാണെന്നും അനുമതി നല്‍കണമെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
read also : അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി, തിരഞ്ഞെടുത്ത റൂട്ടുകളില്‍ ചില വിമാനങ്ങളെ സര്‍ക്കാര്‍ അനുവദിച്ചേക്കും
1968-ലെ സംസ്ഥാന മൃഗബലി നിരോധന നിയമപ്രകാരം കേരളത്തില്‍ ക്ഷേത്രങ്ങളിലോ പരിസരത്തോ ആരാധനയുടെ ഭാഗമായി മൃഗങ്ങളെയോ പക്ഷികളെയോ ബലി അര്‍പ്പിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. മൃഗബലി നടത്തിയാല്‍ ഈ നിയമപ്രകാരം മൂന്നു മാസം തടവുശിക്ഷയും 300 രൂപ വരെ പിഴയുമാണ് ശിക്ഷ.
ഈ നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. നിയമത്തിന്റെ ഭരണഘടനാ സാധുത കോടതി ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ നിയമം ഭരണഘടനയിലെ 14 ാം വകുപ്പ് പ്രകാരമുള്ള തുല്യതയും 25, 26 വകുപ്പുകള്‍ പ്രകാരം മതആരാധനയ്ക്കുള്ള സ്വാതന്ത്ര്യവും ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ത്രിപുരയില്‍നിന്നുള്ള സമാനമായ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Source: 24news

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2