കേരള സർക്കാരിന് ഇത് ശനി ദശ ആണ്. ചെയ്യുന്നതെല്ലാം വിവാദമാകുന്നു. ഇപ്പോൾ അവസാനത്തേതാണ് തിരുവനന്തപുരം വിമാനത്താവളത്തിന് കാര്യത്തിൽ സംഭവിച്ച അബദ്ധം. ഗൗതം അദാനി എന്ന ബിസിനസ് പ്രമുഖൻ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത് തടയാൻ ടെൻഡർ നടപടികളിൽ കേരള സർക്കാരിൻറെ സ്വന്തം കമ്പനിയും പങ്കെടുത്തു. ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ മാത്രം രണ്ടരക്കോടി രൂപയ്ക്ക് മുകളിൽ നികുതിപ്പണം ചിലവഴിച്ചു. പണം പോയത് പ്രശ്നമല്ല കാരണം വിമാനത്താവളം കുത്തകകൾക്ക് പോകുന്നത് തടയാൻ നടത്തിയ വിപ്ലവ പോരാട്ടമാണ്. അതുകൊണ്ടുതന്നെ യുദ്ധതന്ത്രങ്ങൾക്ക് മൂർച്ച കൂട്ടുവാൻ ഒരു വൻകിട കൺസൾട്ടൻസിയുടെ സേവനം തേടി. ഇത്തരത്തിൽ വിദഗ്ധ സേവനം തേടുമ്പോൾ പ്രതിപക്ഷം കൺസൾട്ടൻസി രാജ് എന്ന ആരോപണം ഉന്നയിക്കാറുണ്ട്. പി ആർ മുതൽ പ്രളയ പുനർനിർമാണം വരെ കേരളം ഉടച്ചു വാർക്കുന്ന സകല പദ്ധതികളും കൺസൾട്ടൻസികളാണ് രൂപകൽപന ചെയ്യുന്നതെന്നു അവർക്കറിയില്ല.

അറിഞ്ഞിട്ടും കാര്യമില്ല, കാരണം മോഡിയോട് ആണ് കളി. അതിന് ഒരു ആപ്തവാക്യം ഉണ്ട്
ബൂർഷ്വാസിയെ തോൽപ്പിക്കാൻ ബൂർഷ്വാസിയുടെ അപ്പൻ ആകണമെന്ന” കമ്മ്യൂണിസ്റ്റ് ആപ്തവാക്യം. കമ്മ്യൂണിസം അറിയാത്തവരോട് ഇതു വല്ലോം പറഞ്ഞിട്ട് കാര്യമുണ്ടോ.. ഇതൊക്കെ പറഞ്ഞാൽ മനസ്സിലാക്കുന്നവർ ഉണ്ട്.. മിസ്റ്റർ മരുമകനും, ഷംസീറും, എം ബി രാജേഷും ഒക്കെ. അവരെ ഇറക്കി ഒരു കളി കളിക്കാം എന്ന് വെച്ചാൽ പിള്ളേരെല്ലാം മാധ്യമപ്രവർത്തകരോട് കളിക്കാൻ ഇല്ല എന്നു പറഞ്ഞ് ടീമിൽ നിന്ന് അവധിയെടുത്ത് വിശ്രമത്തിലാണ്. പാർട്ടി സെക്രട്ടറി നേരിട്ട് ഇറങ്ങിയാൽ ചില വൃത്തികെട്ടവന്മാർ ബീഹാർ തിരഞ്ഞെടുപ്പ് വിഷയം എടുത്തിട്ടു കുളമാക്കും.

അതൊക്കെ പോട്ടെ വിഷയത്തിലേക്ക് വരാം.. ഇത്തവണ കണ്ടെടുത്തത് പുതിയ ഒരു കൺസൾട്ടൻസി കമ്പനിയെ ആണ്. “സിറിൽ അമർചന്ദ് മംഗൾദാസ്”.. കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം വരുന്ന പേര്.. “സാഗർ ഏലിയാസ് ജാക്കി ” എന്ന് പറയുന്നതുപോലെ. വിമാനത്താവളം കിട്ടിയില്ലെങ്കിലും വിഷയത്തിൽ കേരളത്തെ ഒന്നാകെ കൂടെ നിർത്താൻ സാധിച്ചു. കേന്ദ്ര വിരുദ്ധ പോരാട്ടം ആയതിനാൽ യുഡിഎഫും കൂടെ നിന്നു. ഒരു കൈ കൂടെ നോക്കാൻ സംയുക്ത പോരാട്ടം നടത്താൻ തീരുമാനിച്ചു. പക്ഷേ പണി പാളി. ഇപ്പോ മാധ്യമങ്ങളും പ്രതിപക്ഷവും തീരെ നിസ്സാര കാര്യങ്ങൾ ഊതി പെരുപ്പിച്ച് പ്രശ്നം വഴിമാറ്റി വിടുകയാണ്. അതായത് നമ്മൾ ഇറക്കിയ കൺസൾട്ടൻസി കമ്പനി അദാനിയുടെ മകൻറെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് എന്നതാണ് ആരോപണം. സത്യത്തിൽ എന്താ കുഴപ്പം? മരുമകൾ വഴി അദാനിയുടെ തന്ത്രങ്ങൾ ചോർത്തിയെടുക്കാൻ സാധിച്ചിരുന്നെങ്കിൽ എയർപോർട്ട് കയ്യിലിരിക്കുമായിരുന്നു. എവിടെയോ ചെറിയൊരു സ്പെല്ലിങ് മിസ്റ്റേക്ക്.. അതിനാണ് ഇപ്പോൾ ഈ കോലാഹലങ്ങൾ ഉണ്ടാക്കി സർക്കാർ അദാനിയെ സഹായിച്ചു എന്നൊക്കെ പറയുന്നത്.

ഏതായാലും ഒരു കാര്യമുണ്ട്. നമ്മൾ ആരെയും അവിഹിതമായി സഹായിച്ചിട്ടില്ല. മറ്റാരെങ്കിലും കുത്തകകളെ സഹായിച്ചിട്ടുണ്ടെങ്കിൽ അത് നമ്മൾ അറിഞ്ഞിട്ടില്ല എന്ന് മാത്രം. എന്തൊക്കെ പരിപാടികൾ നടത്തണം, അതിനിടയ്ക്ക് എല്ലാം അറിയണമെന്നുണ്ടോ? എല്ലാ ദിവസവും ഒരു മണിക്കൂർ ഷൂട്ടിംഗ് ഉണ്ട്.. അതിന് തയ്യാറെടുക്കണം…അതിനിടയ്ക്ക് വേണം ഭരണം നടത്താൻ.. ചില കാര്യങ്ങൾ ഒക്കെ വിട്ടു പോകും.. വിട്ടുപോയാൽ എന്താ കുഴപ്പം…ശ്രദ്ധയിൽ പെടുത്തിയാൽ പരിശോധിക്കും… വേണ്ടി വന്നാൽ അവർക്കെതിരെ നടപടി എടുക്കും… പാർട്ടി കമ്മീഷനെ നിയോഗിക്കും… കുറ്റത്തിന് തീവ്രതയും കണ്ടെത്തും… അതോടുകൂടി എല്ലാം ശുഭം…

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2