നെടുങ്കണ്ടം: ഇടുക്കിയിലേറ്റവും കൂടുതല്‍ ഇരട്ടവോട്ട് ആരോപണം ഉയര്‍ന്ന സ്ഥലമാണ് ഉടുമ്ബന്‍ചോല. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയില്‍ സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ 15 അംഗസംഘം ബോലോറോ ജീപ്പില്‍ ഇവിടെ എത്തിയതും ഇവരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതും.

തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരില്‍ മഷി മായ്ക്കാനുള്ള മരുന്നും പഞ്ഞിയും ഉണ്ടായിരുന്നുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഘത്തെ തടഞ്ഞതിന്റേയും പരിശോധിക്കുന്നതിന്റേയും വീഡിയോ ബിജെപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായതോടെ ഇവിടേക്ക് കൂടുതല്‍ പൊലീസെത്തി എല്ലാവരേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉടുമ്ബന്‍ചോലയിലെ ഒരു മരണവീട്ടിലേക്ക് വന്നതാണെന്നാണ് തമിഴ് നാട്ടില്‍ നിന്നും എത്തിയ സംഘത്തിന്റെ വിശദീകരണം.

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന മറ്റൊരു സമാന്തരപാതയായ തേവാരംപ്പേട്ട വഴി ഇന്ന് രാവിലെ കേരളത്തിലേക്ക് പ്രവേശിച്ച ഏഴ് പേരെ അവിടെ നിരീക്ഷണം നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഇവരും ഇരട്ടവോട്ട് ചെയ്യാന്‍ എത്തിയതാണ് എന്നാണ് സംശയിക്കുന്നത്.

ഉടുമ്ബന്‍ചോലയില്‍ തമിഴ്‌നാട്ടില്‍ നിന്നും തോട്ടം തൊഴിലാളികളെ കൊണ്ടു വന്ന് വോട്ട് ചെയ്യുന്ന അവസ്ഥയുണ്ടെന്നും ഇരട്ടവോട്ടര്‍മാരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഉടുമ്ബന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം.അഗസ്തി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2